
കൊയിലാണ്ടി: കുടിവെള്ളത്തിനും മാലിന്യ സംസ്ക്കരണത്തിനും മുൻതൂക്കം നൽകി കൊയിലാണ്ടി നഗരസഭയുടെ 2020-21 ബഡ്ജറ്റ് വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ അവതരിപ്പിച്ചു. 128.25 കോടിയുടെ വികസന പദ്ധതികളാണ് ബഡ്ജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഭവന നിർമ്മാണം, നഗര സൗന്ദര്യവത്ക്കരണം എന്നിവയ്ക്കും മുഖ്യ പരിഗണന നൽകുന്നു . നഗരസഭാ ചെയർപേഴ്സൺ കെ.പി.സുധ അദ്ധ്യക്ഷത വഹിച്ചു. പി.എം.എ.വൈ ലൈഫ് ഭവന പദ്ധതിയിൽ ആയിരം വീടുകളുടെ പൂർത്തീകരണത്തിനായി 40 കോടി രൂപ അനുവദിച്ചു. സമഗ്ര കുടിവെള്ള പദ്ധതിയ്ക്കായി രണ്ടാം ഘട്ടം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 90 കോടിയുടെ പ്രവൃത്തി പൂർത്തീകരിച്ച് കുടിവെള്ളക്ഷാമം പൂർണമായും പരിഹരിക്കും. സംസ്ഥാന സർക്കാറിന്റെ സഹായത്തോടെ വെളിയന്നൂർ ചല്ലി ഉൾപ്പെടെ തരിശു നിലങ്ങൾ കൃഷിയോഗ്യമാക്കാൻ പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും ബഡ്ജറ്റ് നിർദ്ദേശത്തിലുണ്ട്. ബഡ്ജറ്റ് ചർച്ച ഇന്ന് നടക്കും.
പ്രധാന നിർദ്ദേശങ്ങൾ
# 1.5 കോടി രൂപ ചെലവിൽ ആധുനിക ശ്മശാനം
# മലിന ജലം സംസ്‌കരിക്കുന്നതിന് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്
# നഗരത്തിൽ ആധുനിക ഷോപ്പിംഗ് കോപ്ലക്സ്
# കണ്ടൽ മ്യൂസിയം പഠന കേന്ദ്രമാക്കും
# ഹാർബർ കേന്ദ്രമാക്കി തൊഴിൽ സംരംഭങ്ങൾ
# താലൂക്ക് ആശുപത്രി സൗകര്യം വിപുലപ്പെടുത്തൽ
# നടേരി മഞ്ഞളാട് കുന്നിൽ കളിസ്ഥലം സ്ഥാപിക്കും
# കൊല്ലം മത്സ്യ മാർക്കറ്റ് പൂർത്തിയാക്കും
# ആധുനിക അറവ് ശാല, ഓപ്പൺ സ്റ്റേജ് നിർമ്മിക്കും.
# കടലും കടലോരവും ശുചീകരിക്കൽ.