
ബാലുശ്ശേരി: ആയിരം തിരഞ്ഞെടുപ്പിൽ തോറ്റാലും ശബരിമല വിഷയത്തിൽ നിലപാട് മാറ്റില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഒടുവിൽ മുട്ടുമടക്കിയെന്നത് വിശ്വാസികളുടെ വിജയമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.
ക്രിമിനൽ സ്വഭാവമുള്ള കേസുകൾ പിൻവലിക്കില്ലെന്ന് പറയുന്ന സർക്കാർ പിന്നെയും വിശ്വാസികളെ പറ്റിക്കാൻ നോക്കുകയാണ്. ശബരിമല വിഷയത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസ്സുകളും പിൻവലിക്കണം. ഇക്കാര്യത്തിൽ ഉപാധികൾ വെക്കാനുള്ള ഒരു നീക്കവും നടക്കില്ല. ഇന്ത്യയെ തകർക്കാൻ ശ്രമിച്ച സി.എ.എ സമരക്കാരുടെ കേസുകൾ ശബരിമല കേസുകളോടൊപ്പം തുലനം ചെയ്യുന്നത് അംഗീകരിക്കാനാവില്ല.
വിജയയാത്രയ്ക്ക് ബാലുശ്ശേരിയിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി. കെ. പത്മനാഭൻ , സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, സി കൃഷ്ണകുമാർ, സംസ്ഥാന സെക്രട്ടറിമാരായ ടി പി സിന്ധു മോൾ , രാജി പ്രസാദ് എന്നിവർ പ്രസംഗിച്ചു. ജാഥാ അംഗങ്ങളായ അഡ്വ.ജോർജ്ജ് കുര്യൻ, അഡ്വ.പി.സുധീർ, സി.ആർ.പ്രഫുൽ കൃഷ്ണണൻ, അഡ്വ.നിവേദിത, വി.വി.രാജൻ, പി.രഘുനാഥ്, അഡ്വ.കെ.പി.പ്രകാശ് ബാബു, വി.കെ.സജീവൻ, എൻ.പി. രാമദാസ്, സുഗീഷ് കൂട്ടാലിട, ടി.ബാലസോമൻ, തുടങ്ങിയവർ സംബന്ധിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറിമാരായ ആർ എം കുമാരൻ സ്വാഗതവും എം.കെ രാജേഷ് നന്ദിയും പറഞ്ഞു.