varghese
എ. വർഗീസ്

കൽപ്പറ്റ: നീ എന്നെ ഒറ്റു കൊടുത്തതല്ലേ നായരെ.. നക്സലൈറ്റ് നേതാവ് എ. വർഗീസ് ഒളിവിൽ കഴിഞ്ഞ ശിവരാമൻ നായരുടെ വീട് പൊലീസ് വളഞ്ഞപ്പോൾ വീടിനകത്തു നിന്ന് വർഗീസ് പറഞ്ഞ വാക്കുകൾ പൊലീസ് കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലിലൂടെയാണ് പുറംലോകമറിയുന്നത്. വർഗീസിനെ അകത്താക്കി വാതിൽ പുറത്ത് നിന്ന് പൂട്ടി ശിവരാൻ നായർ പൊലീസിനെ അറിയിക്കുകയായിരുന്നു. നീട്ടിപ്പിടിച്ച തോക്കുകളുടെയും പിസ്റ്റളിന്റെയും നടുവിൽ മന്ദഹസിച്ചായിരുന്നു വർഗീസിന്റെ നിൽപ്പ്. കൈകൾ പിറകിൽ കൂട്ടിക്കെട്ടി യാത്രതിരിച്ചപ്പോഴും ഇയാൾ വർഗീസാണോയെന്ന് തീർച്ചയില്ലായിരുന്നുവെന്ന് രാമചന്ദ്രൻ നായർ പറയുന്നു. വിപ്ളവകാരികൾ കൊല ചെയ്ത ചേക്കുവിന്റെ ഭാര്യയോട് ഇയാളെ അറിയുമോ എന്ന ചോദ്യത്തിന് വർഗീസ് ചേട്ടനല്ലേയെന്ന് പറഞ്ഞപ്പോഴാണ് വിശ്വാസം വന്നത്. പിടികൂടിയ വർഗീസിനെയും കൊണ്ട് ജീപ്പിൽ മാനന്തവാടിക്ക് തിരിച്ചു. കാട്ടിക്കുളത്തെത്തിയപ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം തിരുനെല്ലിയിലേക്ക്. തോർത്ത് മുണ്ട് കൊണ്ട് വർഗീസിന്റെ കണ്ണ് കെട്ടി. ചോദ്യം ചെയ്യലിൽ ചേക്കുവിനെയും അഡിഗയെയും പുൽപ്പളളി, കുറ്റ്യാടി തുടങ്ങി എല്ലാ നക്സൽ പ്രവർത്തനങ്ങളും വർഗീസ് സമ്മതിച്ചു. അതിനിടെ കളള തോക്ക് ഉപയോഗിച്ച് വർഗീസിനെ കൊല്ലാൻ ഡി. ഐ.ജി വിജയൻ നിർബന്ധിച്ചു. വഴങ്ങില്ലെന്ന് കണ്ടപ്പോൾ ഭീഷണിപ്പെടുത്തി. കൃത്യം 6.55ന് മേലുദ്യോഗസ്ഥന്റെ നിർബന്ധത്തിന് വഴങ്ങി ഇടത് നെഞ്ചിൽ നിറയൊഴിച്ചു. മാവോയിസ്റ്റ് ഐക്യം സിന്ദാബാദ്, വിപ്ളവം ജയിക്കട്ടെ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു ആ മനുഷ്യ സ്നേഹിയുടെ പ്രാണൻ പിരിഞ്ഞുപോയതെന്ന് രാമചന്ദ്രൻ നായർ വെളിപ്പെടുത്തുന്നു.