
സുൽത്താൻ ബത്തേരി : കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമായി റെയിൽ പാത്തി കൊണ്ട് നിർമ്മിച്ച ആന പ്രതിരോധ വേലി വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു വേലി. കുറിച്ച്യാട് റേഞ്ചിന്റെ പരിധിയിൽ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ 10 കിലോമീറ്റർ ദൈർഘ്യത്തിലാണ് വേലി. ബത്തേരി പട്ടണത്തിന്റെ വനാതിർത്തി പ്രദേശമായ പഴുപ്പത്തൂർ കക്കടം ചപ്പക്കൊല്ലി ഭാഗത്ത് നിന്ന് ആരംഭിച്ച് പൂതാടി പഞ്ചായത്തിലെ വാകേരി ചുറ്റി ബത്തേരി കെ.എസ്.ആർ.ടി.സി ഗ്യാരേജിന് സമിപം അവസാനിക്കുന്ന തരത്തിലാണിത്. കർണാടകയിലും മറ്റും പരീക്ഷിച്ച് വിജയിച്ചതിന് ശേഷമാണ് റെയിൽ പാത്തി ആനപ്രതിരോധ വേലി സംസ്ഥാനത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ഇവിടെ നടപ്പാക്കിയത്. വനാതിർത്തിയിൽ കോൺക്രീറ്റ് പില്ലർ കെട്ടിയുണ്ടാക്കി അതിൽ റെയിൽ പാത്തി വെൽഡ് ചെയ്ത് പിടിപ്പിച്ചിരിക്കുകയാണ്. ഒരാൾ പൊക്കത്തിലാണ് വേലി. പില്ലർ വാർത്ത് അതിൽ റെയിൽ ഘടിപ്പിച്ചതിനാൽ ആന വന്ന് കുത്തിയാലും ഇത് മറിഞ്ഞ് വീഴുകയില്ല. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 15.12 കോടി രൂപ ചെലവിൽ കൊൽക്കത്ത കമ്പനിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. 2018-ൽ പണി ആരംഭിച്ചു മൂന്ന് മാസം കൊണ്ട് പണി തീർക്കാനായിരുന്നു കരാർ. എന്നാൽ പ്രതികൂല കാലാവസ്ഥയും കൊവിഡ് വ്യാപനവുമെല്ലാം പണിയെ ബാധിക്കുകയായിരുന്നു. ആന സ്ഥിരമായി ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങുന്ന ഭാഗങ്ങൾ ചേർത്തുകൊണ്ടാണ് വേലി നിർമ്മിച്ചത്. ഇതോടെ ആന കൃഷിയിടത്തിലേക്ക് ഇറങ്ങാനുള്ള പഴുതുകൾ അടയ്ക്കപ്പെടും. വേലിയിൽ ഇരുമ്പിന്റെ നെറ്റ് കൂടി അടിക്കുകയാണെങ്കിൽ പന്നി, മാൻ തുടങ്ങിയവയ്ക്കും വനത്തിൽ നിന്ന് കടക്കാനാവില്ല.