കോഴിക്കോട് : കൊവിഡ് പരിശോധനയുടെ പേരിൽ വിദേശങ്ങളിൽ നിന്നെത്തുന്നവരെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് കാലിക്കറ്റ് ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ആവശ്യപ്പെട്ടു.
വിദേശങ്ങളിൽ നിന്ന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവരെ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ ഫീസ് ഈടാക്കി വീണ്ടും പരിശോധിക്കുകയാണ്. ചെറിയ വരുമാനക്കാരായ യാത്രക്കാർ കുടുംബ സമേതം വിമാനത്താവളത്തിൽ എത്തുമ്പോൾ കൈയിലെ സർട്ടിഫിക്കറ്റ് പരിഗണിക്കാതെ പണം വാങ്ങി പരിശോധന നടത്തുന്ന ക്രൂരത നിർത്തലാക്കണം. പരിശോധന നിർബന്ധമാണെങ്കിൽ സർക്കാർ ചെലവിൽ സൗകര്യം ഉണ്ടാകണം.
ഹോട്ടൽ അളകാപുരിയിൽ ചേർന്ന കാലിക്കറ്റ് ചേംബർ മാനേജിംഗ് കമ്മിറ്റി യോഗത്തിൽ പി.ടി ഉമ്മർ കോയ പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് സുബൈർ കൊളക്കാടൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റുമാരായ ഡോ. കെ.മൊയ്തു, എം.മുസമ്മിൽ, ടി.പി അഹമ്മദ് കോയ, ഐപ്പ് തോമസ്, സെക്രട്ടറി ടി.പി. വാസു, ട്രഷറർ എം.കെ. നാസർ എന്നിവർ പങ്കെടുത്തു. രാജേഷ് കുഞ്ഞപ്പൻ സ്വാഗതവും ഡോ. എ.എം ഷെരീഫ് നന്ദിയും പറഞ്ഞു.