covid-

കോഴിക്കോട് : ജില്ലയിൽ കൊവിഡ് സാമൂഹ്യ വ്യാപന തോത് പഠിക്കാൻ റാൻഡം ആന്റിബോഡി ടെസ്റ്റ് തുടങ്ങി. സീറോ സർവൈലൻസ് കാമ്പയിനിന്റെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ, മൂന്ന് മുനിസിപ്പാലിറ്റികൾ, 14 ഗ്രാമ പഞ്ചായത്തുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പഠനം. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവയിൽ നിന്ന് 19 ഡിവിഷനുകൾ വീതവും ഓരോ ഗ്രാമപഞ്ചായത്തിൽ നിന്നും മൂന്ന് വാർഡുകൾ വീതവുമാണ് പഠനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

ജില്ലയിലെ 10 ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നു 120 ആരോഗ്യ പ്രവർത്തകരെയും അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നും അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമായി 120 കൊവിഡ് മുൻനിര പ്രവർത്തകരെയും ആന്റിബോഡി ടെസ്റ്റിന് വിധേയരാക്കും. കോഴിക്കോട് മെഡിക്കൽ കോളേജിലെ രക്തബാങ്കിൽ നിന്നും കൊയിലാണ്ടി, താമരശ്ശേരി താലൂക്ക് ആശുപത്രികളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കും. 18 വയസിന് മുകളിലുള്ളവരിൽ നിന്ന് സമ്മതപത്രം വാങ്ങിയാണ് ടെസ്റ്റ് നടത്തുക.