11
സെെക്കിൾ സ്കൂട്ടറുമായി ഹർഷാദ്

കോഴിക്കോട്: ഇന്ധന വിലയിലെ കുതിപ്പൊന്നും കോഴിക്കോട് പുതിയങ്ങാടി പൂരിഹസൻ കണ്ടിയിൽ പി.കെ ഹർഷാദിനെ പേടിപ്പിക്കാറില്ല. സ്വന്തമായി നിർമ്മിച്ച 'റോയൽ എൻഫീൽഡ് ബുള്ളറ്റിൽ' അങ്ങാടിയിലൂടെ പറ പറക്കുകയാണ് ഇയാൾ. ഒറ്റനോട്ടത്തിൽ കിടിലൻ ബുള്ളറ്റാണെങ്കിലും സംഗതി സെെക്കിളാണ്, ബുള്ളറ്റ് സെെക്കിൾ. ഇഷ്ട വണ്ടിയ്ക്ക് ഹർഷാദ് പേരും നൽകി, ബി.സി 2021. ഓറഞ്ച് നിറത്തിലുള്ള പെട്രോൾ ടാങ്കും ഹെഡ് ലൈറ്റും ക്ലച്ചും ഗിയറും ഹോണും സീറ്റും കണ്ണാടിയും എല്ലാമുണ്ട് ബുള്ളറ്റ് സെെക്കിളിൽ. നിർമ്മാണത്തിന് ഉപയോഗിച്ചതെല്ലാം പഴകിയ സാധനങ്ങൾ. രണ്ടാഴ്ചകൊണ്ടാണ് ഹർഷാദ് ബുള്ളറ്റ് സൈക്കിൾ നിർമ്മിച്ചത്. മൂന്ന് മാസം മുമ്പ് നിർമ്മിച്ച ചേതക് രൂപത്തിലുള്ള സൈക്കിളും ഇയാളുടെ കൈയിലുണ്ട്.

ലോക്ക് ഡൗൺ കാലത്തെ വീട്ടിലിരുപ്പിലാണ് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയുണ്ടാകുന്നത്. കൂട്ടുകാരനും അയൽവാസിയുമായ സിന്ധുരാജിനെയും കൂട്ടി വീട്ടിലെ സൈക്കിളും പഴയ ചേതക് സ്‌കൂട്ടറുമെല്ലാം ചേർത്ത് രണ്ടാഴ്ചകൊണ്ട് കെ എൽ 11 2020 ചേതക് സൈക്കിൾ പുറത്തിറങ്ങി. സ്കൂട്ടർ സൈക്കിൾ നിരത്തിലിറങ്ങിയതോടെ വണ്ടിയോടിക്കാനും കാണാനും നാട്ടുകാരുടെ ബഹളമായിരുന്നു. സംഗതി ക്ലിക്കായതോടെയാണ് ബുള്ളറ്റ് സെെക്കിളിന്റെ പണി തുടങ്ങുന്നത്.

രണ്ട് വണ്ടികളും നിർമ്മിക്കാൻ 15000 രൂപയോളമായെന്ന് ഹർഷാദ് പറയുന്നു. പെഡൽ ചവിട്ടി മടുക്കുമ്പോൾ സ്കൂട്ടറായി ഒാടിക്കാൻ സെെക്കിളിൽ ബാറ്ററി ഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മെക്കാനിക്കും ഇലക്ട്രീഷനുമായ ഹർഷാദ്.

സവാരിക്കിടെ പല തവണ പൊലീസ് പിടികൂടിയെങ്കിലും കാര്യം പിടികിട്ടിയപ്പോൾ വിട്ടയച്ചു. ഹർഷാദിന്റെ കൗതുക സൈക്കിൾ നാട്ടിൽ വെെറലാണ്. ഫോർ വീലർ ഉണ്ടാക്കണമെന്ന ഇയാളുടെ ആഗ്രഹത്തിന് ലൈക്കടിച്ച് ഭാര്യ സമീറയും മക്കൾ റയ് ഹാനും റജുവാനും കൂടെയുണ്ട്.