kunnamangalam-news
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് മുംതസ് ഹമീദ് അവതരിപ്പിക്കുന്നു

കുന്ദമംഗലം: കൃഷിക്കും ഭവന നിർമ്മാണത്തിനും മുൻഗണന നൽകി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ കിണർ, കുളം, തോടുകളുടെ സംരക്ഷണം, വൃക്ഷ തൈകൾ ഉത്പാദിപ്പിച്ച് നട്ടുപിടിപ്പിക്കൽ , ജലസ്രോതസുകളുടെ നവീകരണം എന്നിവയ്ക്കും മുൻഗണനയുണ്ട്. 57, 22,86,676 രൂപ വരവും 56,64,14,643 രൂപ ചെലവും 58,72,033രൂപ മിച്ചവും കാണിക്കുന്ന 2021-22 ലെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് മുംതസ് ഹമീദ് അവതരിപ്പിച്ചു. പ്രസിഡന്റ് ബാബു നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു. ലൈഫ് പദ്ധതി പ്രകാരം 72, 25,800 രൂപ ( ജനറൽ), 42,33,400 രൂപ (പട്ടികജാതി), 1,35, 200 രൂപ( പട്ടികവർഗം) എന്നിങ്ങനെയും നീക്കിവച്ചു. അംഗൻവാടികളുടെ പ്രവർത്തനത്തിന് 17 ലക്ഷം രൂപ, തൊഴിൽ ക്ഷേമ പ്രവർത്തനങ്ങൾക്ക് 40.51 കോടി രൂപയും പട്ടികജാതി ക്ഷേമ പ്രവർത്തനങ്ങൾക്കായി 1,69,33,600 രൂപയും പട്ടികവർഗ ക്ഷേമ പ്രവർത്തനങ്ങൾക്കായി 5.4 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. വനിതാ ഘടകപദ്ധതിക്ക് 50,74,620 രൂപ, കുട്ടികൾ ഭിന്നശേഷിക്കാർ എന്നിവർക്ക് 25,37,310 രൂപ, വയോജനങ്ങൾ, പാലീയേറ്റീവ് പ്രവർത്തനങ്ങൾ എന്നിവയ്ക്കായി 25,37,310 രൂപയും ബഡ്ജറ്റിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.

പ്രധാന നിർദ്ദേശങ്ങൾ

നെൽകൃഷിയുടെ കൂലി ചെലവിനായി 10 ലക്ഷം

പാൽ സബ്സിഡി 25ലക്ഷം

കാലിത്തീറ്റ സബ്സിഡി 12 ലക്ഷം

ചെറുകിട തൊഴിൽ സംരംഭം 12 ലക്ഷം

ഭിന്നശേഷി സ്കോളർഷിപ്പ് 50 ലക്ഷം

മണ്ണ്- ജല സംരക്ഷണം 42 ലക്ഷം

ചെറുകിട ജലസേചനം 33 ലക്ഷം