
മുക്കം: സാമൂഹികാരോഗ്യ കേന്ദ്രവും നഗരസഭയും ചേർന്ന് കൊവിഡ് പരിശോധനയുടെ എണ്ണം കൂട്ടിയതിനു പിറകെ സാമ്പിളുകൾ അനാഥാവസ്ഥയിൽ !.
മണാശേരി സ്കൂളിലെ കേന്ദ്രത്തിൽ നിന്നു ഇന്നലെ ശേഖരിച്ച നൂറോളം സാമ്പിളുകൾ രാത്രി വൈകിയും മുക്കത്ത് ആശുപത്രി വരാന്തയിൽ പെട്ടിയ്ക്കകത്ത് കിടക്കുകയായിരുന്നു. പ്രതിദിന സാമ്പിളുകൾ ചൂട് ഏൽക്കാതെ യഥാവിധി പായ്ക്ക് ചെയ്ത് ജില്ലാ കേന്ദ്രത്തിലെ പ്രത്യേക ലബോറട്ടറിയിലെത്തിച്ചാൽ മാത്രമേ ശരിയായ പരിശോധനാഫലം ലഭിക്കൂ എന്നിരിക്കെയാണ് ഈ അനാസ്ഥ.
ആഴ്ചയിൽ ഒരു ദിവസം മാത്രം നടത്തിയിരുന്ന ആർ.ടി പി.സി.ആർ സ്രവ സാമ്പിൾ പരിശോധന മൂന്നു ദിവസമാക്കി വർദ്ധിപ്പിച്ചതായിരുന്നു. ചൊവ്വയ്ക്ക് പുറമെ വ്യാഴം, ശനി ദിവസങ്ങളിലുമുണ്ട് ഇപ്പോൾ പരിശോധന.
ഇന്നലെ ശേഖരിച്ച സ്രവ സാമ്പിളുകൾ പരിശോധനാ കേന്ദ്രത്തിൽ എത്തിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിതിയതായാണ് ആക്ഷേപം. ആശുപത്രിയിലും നഗരസഭയിലും വാഹനമുണ്ടായിട്ടും സ്രവസാമ്പിളുകൾ യഥാസമയം നിർദ്ദിഷ്ടകേന്ദ്രങ്ങളിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.