wyd-photo
പാട്ടവയൽ ചെക്ക് പോസ്റ്റിൽ തമിഴ്നാട് ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കുന്നവരെ പരിശോധിക്കുന്നു

സുൽത്താൻ ബത്തേരി: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന കാരണം പറഞ്ഞ് കർണാടകയ്ക്ക് പുറമെ തമിഴ്നാടും കേരളത്തിൽ നിന്നെത്തുന്നവരോട് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടാൻ തുടങ്ങി.കൊവിഡ് ഇല്ലെന്നുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെയോ ആന്റിജൻ ടെസ്റ്റിന്റെയോ ഫലമാണ് വേണ്ടത്. അതും 72 മണിക്കൂറിനുള്ളിൽ എടുത്തതായിരിക്കണം. ഇന്നലെ മുതലാണ് കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള പ്രവേശനത്തിന് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. സർട്ടിഫിക്കറ്റില്ലാതെ എത്തിയ നിരവധിപേരെ ഇന്നലെ തമിഴ്നാട് ഉദ്യോഗസ്ഥർ തിരിച്ചയച്ചു. കേരളവുമായി അതിർത്തിപങ്കിടുന്ന തമിഴ്നാട്ടിലെ ചെക്ക് പോസ്റ്റുകളിലാണ് ഇന്നലെ പ്രധാനമായും പരിശോധന നടന്നത്. സുൽത്താൻ ബത്തേരിക്കടുത്ത പാട്ടവയൽ, താളൂർ, വടുവൻചാലിന് സമീപം ചോലാടി എന്നി അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്തി. ഇന്ന് മുതൽ നിയമം കർക്കശമാക്കുമെന്ന് തമിഴ്നാട് അധികൃതർ നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇന്നലെ മുതൽ തന്നെ കേരളത്തിൽ നിന്ന് എത്തുന്നവരോട് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടാൻ തുടങ്ങി. കൊവിഡ് പരിശോധന ഫലം ആവശ്യപ്പെടുന്നതിന് പുറമെ പ്രാഥമിക പരിശോധന നടത്തി കൊവിഡ് ലക്ഷണങ്ങൾ ഉണ്ടോയെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് പരിശോധന. കൊവിഡ് നെഗറ്റീവ് ഫലം കൈവശമില്ലാത്തവരെ വരുംദിവസങ്ങളിൽ തമിഴ്നാട്ടിലേക്ക് ഒരു കാരണവശാലും കടത്തിവിടുകയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തമിഴ്നാട്ടിലുള്ളവർ കേരളത്തിൽ വന്ന് തിരികെ പോകുമ്പോൾ മാത്രം അവർക്ക് ആന്റിജൻ പരിശോധനയ്ക്കായി സാമ്പിൾ എടുത്താൽ മതി. അതിർത്തി ചെക്ക്പോസ്റ്റുകളിലെ പരിശോധനാ കേന്ദ്രത്തിൽ വെച്ച് ഇവരുടെ സാമ്പിൾ എടുക്കുന്നുണ്ട്. കേരളത്തിലേക്ക് കടക്കുമ്പോൾ തന്നെ ആധാർ നമ്പർ രേഖപ്പെടുത്തുകയും തമിഴ്നാട്ടിലെ വിലാസം ചോദിച്ചറിയുകയും ചെയ്യും. നീലഗിരി ജില്ലയിലെ പന്തല്ലൂർ, ഗൂഡല്ലൂർ താലൂക്കുകളിലുള്ളവർ ആശുപത്രി ആവശ്യങ്ങൾക്കും നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനും മറ്റും പ്രധാനമായും ആശ്രയിക്കുന്നത് ബത്തേരി, മേപ്പാടി ടൗണുകളെയാണ്. പരിശോധന കർശനമാക്കിയതോടെ അതിർത്തിപ്രദേശത്തുള്ള ജനങ്ങളുടെ യാത്രയും ദുരിതത്തിലായി. ടാക്സി, സ്വകാര്യ വാഹനങ്ങളിലെത്തുന്നവരെയാണ് ഇപ്പോൾ പ്രധാനമായും പരിശോധിക്കുന്നത്. വരും ദിവസങ്ങളിൽ പൊതുഗതാഗത സംവിധനങ്ങളിലും പരിശോധന നടത്താനാണ് തീരുമാനം.