
കോഴിക്കോട്: സ്ത്രീകളുടെ ഉന്നമനം ... വനിതാ ശാക്തീകരണം ... എന്നൊക്കെ പറയുന്നതിൽ
മുന്നണികൾക്ക് പിശുക്കൊന്നുമില്ല. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകൾ മുറുകിവരുമ്പോഴും വനിതകളുടെ പേര് ഉയർന്നുവരുന്നത് അപൂർവം. എൽ.ഡി.എഫ് - യു.ഡി.എഫ് നിരയിലെന്ന പോലെ എൻ.ഡി.എ യുടെയും കാര്യത്തിലും സ്ത്രീകളുടെ എണ്ണം താരതമ്യേന നന്നേ കുറയുമെന്നാണ് സൂചന.
സംവരണത്തിന്റെ ബലത്തിൽ കോഴിക്കോട്ട് കോർപ്പറേഷൻ മേയറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനിതകളായി. പക്ഷേ, തദ്ദേശം വിട്ട് നിയമസഭയാവുമ്പോൾ സ്ത്രീകൾക്ക് പരിഗണന പേരിനു മാത്രമായി ചുരുങ്ങുകയാണ്. ജില്ലയിലെ 13 മണ്ഡലങ്ങളിൽ ചുരുക്കം ഇടങ്ങളിലേക്കാണ് സ്ത്രീസ്ഥാനാർത്ഥികളുടെ പേര് ഉയർന്നുവരുന്നതു പോലും.
മത്സരരംഗത്ത് ഏറ്റവുമധികം സാദ്ധ്യതയുള്ള വനിത സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.പി.വസന്തമാണ്. ജില്ലയിൽ സി.പി.ഐ പതിവായി മത്സരിക്കുന്ന ഏക സീറ്റായ നാദാപുരത്ത് രണ്ടു തവണ വിജയിച്ച ഇ.കെ. വിജയനെ ഇത്തവണ മാറ്റുകയാണെങ്കിൽ പി. വസന്തത്തെ പരിഗണിച്ചേക്കും.
യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ.വിദ്യ ബാലകൃഷ്ണന്റെ പേരു മാത്രമാണ് യു.ഡി.എഫിൽ ഉയർന്നുവരുന്നത്. കോഴിക്കോട് നോർത്തിലേക്കായിരിക്കും അവരെ പരിഗണിക്കുക. കോഴിക്കോട് കോർപ്പറേഷനിൽ തുടർച്ചയയായി രണ്ട് തവണ കൗൺസിലറായിരുന്നു വിദ്യ ബാലകൃഷ്ണൻ. 2015ൽ ചേവായൂരിൽ നിന്ന് ജനറൽ സീറ്റിലാണ് വിജയിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. ലോകസഭാ തിരഞ്ഞെടുപ്പിൽ ഒരു ഘട്ടത്തിൽ വടകരയിലേക്ക് വിദ്യ ബാലകൃഷ്ണന്റെ പേര് ഉയർന്നുവന്നിരുന്നെങ്കിലും പിന്നീട് അത് മാറി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനും മണ്ഡലത്തിൽ കോൺഗ്രസ് മുന്തിയ പരിഗണന നൽകുന്നുണ്ട്.
വടകരയിൽ ആർ.എം.പി.ഐ യുടെ കെ.കെ. രമ മത്സരരംഗത്തുണ്ടാവുമെന്ന് തീർച്ചയായിക്കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം നിന്നെങ്കിലും നിയമസഭയിലേക്ക് വടകര സീറ്റിന്റെ കാര്യം വന്നപ്പോൾ മുന്നണിയുടെ ഭാഗത്ത് നിന്നു കശപിശ തുടങ്ങി. സീറ്റ് ഉറപ്പായില്ലെങ്കിൽ ഒറ്റയ്ക്ക് നിൽക്കാനാണ് ആർ.എം.പി.ഐ നീക്കം. വടകര ആർ.എം.പി.ഐയ്ക്ക് നൽകി കെ.കെ. രമയെ മത്സരിപ്പിക്കണമെന്ന് മുസ്ലിം ലീഗിനും കോൺഗ്രസിലെ ഒരുവിഭാഗത്തിനും താത്പര്യമുണ്ട്. എൽ.ജെ.ഡി യും കേരള കോൺഗ്രസും (എം) യു.ഡി.എഫ് വിട്ടതോടെ മൂന്ന് സീറ്റ് ഒഴിവ് വരുന്ന സാഹചര്യത്തിൽ വിജയസാദ്ധ്യത മുൻനിറുത്തി കെ.കെ. രമയെ മത്സരിപ്പിക്കണണെന്നാണ് ആവശ്യം. എന്നാൽ, കോൺഗ്രസിലെ ഒരു വിഭാഗത്തിന് ഇത് അത്രയങ്ങ് ദഹിക്കുന്നില്ലെന്നതാണ് പ്രശ്നം.
തിരുവമ്പാടിയിൽ സി.പി.എം നിരയിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പിന്റെ പേര് ഉയർന്നുവരുന്നുണ്ട്. പക്ഷേ, തിരുവമ്പാടി സീറ്റ് കിട്ടാൻ കേരളാ കോൺഗ്രസ് (എം) കൊണ്ടുപിടിച്ച് ശ്രമത്തിലാണ്.
ബി.ജെ.പി പക്ഷത്ത് ആകെ പറഞ്ഞു കേൾക്കുന്ന പേര് നവ്യ ഹരിദാസിന്റേതാണ്. കോർപ്പറേഷനിലേക്ക് തുടർച്ചയായി രണ്ടു തവണ വിജയിച്ച കാരപ്പറമ്പ് കൗൺസിലർ നവ്യ ഹരിദാസിനെ മത്സരിപ്പിക്കണമെന്ന് പാർട്ടി അണികൾ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റ് നിലനിറുത്തിയതാണ് നവ്യ ഹരിദാസ്. ജനറൽ സീറ്റിലാണ് ആ വിജയമെന്ന സവിശേഷതയുമുണ്ട്.