കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റാനുളള നീക്കം അനിശ്ചിതത്വത്തിലാണെങ്കിലും വ്യാപാരികൾക്ക് ആധിയടങ്ങുന്നില്ല. മാർക്കറ്റ് മാറ്റം വേണ്ടെന്ന നിലപാട് പുതിയ കോർപ്പറേഷൻ സാരഥികളെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇവിടത്തെ കച്ചവടക്കാരുടെ സംഘടനകൾ. പാളയത്ത് നവീകരണം നടത്തിയാൽ മതിയെന്ന് വ്യാപാരികൾ ഒരേ സ്വരത്തിൽ പറയുന്നു.
നഗരഹൃദയത്തിലെ ഗതാഗതക്കുരുക്കിന്റെ പ്രശ്നവും മറ്റും പറഞ്ഞ് പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റാനുള്ള തീരുമാനം വന്നത് 2007-ലാണ്. ഇതിനെതിരെ സമരവുമായി അപ്പോൾ തന്നെ കച്ചവടക്കാർ രംഗത്തിറങ്ങിയിരുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലാവാധി തീരാറായ ഘട്ടത്തിൽ ആ നീക്കത്തിന് വീണ്ടും ആക്കം കൂടിയപ്പോൾ കച്ചവടക്കാർ ചെറുത്തുനില്പിനായി വീണ്ടും സംഘടിച്ചു.
പാളയത്ത് ഏതാണ്ട് 1200 കച്ചവടക്കാരുണ്ട്. ഇവിടെ നിന്നു മാറിയാൽ കച്ചവടം അവർക്ക് നഷ്ടപ്പെടുമെന്ന ആശങ്കയാണ് ഇവർക്കൊക്കെയും. കോർപ്പറേഷന്റെ കെട്ടിടത്തിൽ കുറഞ്ഞ വാടക നിരക്കിലുള്ള മുറികളിലാണ് പ്രധാന കച്ചവടക്കാർ കൂടുതലും. കല്ലുത്താൻകടവിലേക്ക് മാറുമ്പോൾ വാടകയും വല്ലാതെ മാറുമെന്ന ഭീതിയുണ്ട് ഇവർക്ക്.
നൂറു കണക്കിന് വാഹനങ്ങളാണ് ദിവസവും പച്ചക്കറി എടുക്കാനും ഇറക്കാനുമായി മാർക്കറ്റിൽ എത്തുന്നത്. മിനി ബൈപാസിനോട് ചേർന്നുള്ള സ്ഥലത്ത് ഇത്രയും വാഹനങ്ങളെത്തുമ്പോൾ പ്രശ്നം രൂക്ഷമാവുകയേയുള്ളൂവെന്ന് കച്ചവടക്കാർ പറയുന്നു. പാളയത്ത് രാത്രി 12 മുതൽ തന്നെ ലോഡുമായി വാഹനങ്ങൾ എത്താറുണ്ട്. രാവിലെ ഏഴു മണിയോടെ മുഴുവൻ ലോഡും ഇറക്കും. ഒൻപത് മണിയോടെ മറ്റിടങ്ങളിലേക്കുള്ള ലോഡും പോവും. പിന്നെയെങ്ങനെയാണ് ഗതാഗതക്കുരുക്കിന്റെ പ്രശ്നം പറയുകയെന്നാണ് വ്യാപാരികളുടെ ചോദ്യം.
മാർക്കറ്റ് നവീകരിച്ച് ആവശ്യമുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് വ്യാപാരികൾ കോർപ്പറേഷനോട് ആവശ്യപ്പെടുന്നത്. നടപടികളൊന്നുമില്ലാത്തതിനാൽ കഴിഞ്ഞ മാർച്ചിൽ കോർപ്പറേഷനെതിരെ പാളയം മാർക്കറ്റ് മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധ സമരത്തിന് തീരുമാനിച്ചതാണ്. എന്നാൽ, കൊവിഡ് വ്യാപനം തുടങ്ങിയതോടെ സമരം നീട്ടിവെക്കുകയായിരുന്നു.
മാറ്റം ഫ്ളാറ്റിന് വന്ന
ചെലവ് കണ്ടെത്താൻ
കല്ലുത്താൻകടവിലെ ചേരിനിവാസികൾക്കായി ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചതിന്റെ ചെലവ് കണ്ടെത്താനാണ് കാഡ്‌കോയുടെ നേതൃത്വത്തിൽ പച്ചക്കറി മാർക്കറ്റ് പണിയുന്നത്. 50 കോടി വരും പദ്ധതിച്ചെലവ്. നിർമ്മാണം പൂർത്തിയാക്കി 36 വർഷത്തിനുശേഷം കോർപ്പറേഷന് കൈമാറും. പഴം - പച്ചക്കറി വ്യാപാരികൾക്ക് വെവ്വേറെ സംവിധാനങ്ങളാണ് ഉദ്ദേശിക്കുന്നത്. കെട്ടിടത്തിൽത്തന്നെ പാർക്കിംഗ് സൗകര്യമുണ്ടാവും. ഇതിനൊപ്പം ലോറി പാർക്കിംഗിനും സംവിധാനമൊരുക്കും.
''പാളയം മാർക്കറ്റിൽ നിന്ന് ഞങ്ങൾ മാറുന്ന പ്രശ്നമില്ല. മാർക്കറ്റിനെ മാറ്റാതെ തന്നെ നവീകരിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയാണ് വേണ്ടത്.
എ.ടി അബ്ദുല്ല,
എസ്.ടി.യു ജില്ലാ സെക്രട്ടറി
''പാളയം മാർക്കറ്റ് മാറ്റണമെന്ന വിഷയത്തിൽ അന്തിമ തീരുമാനമായിട്ടില്ല. വ്യാപാരികളുമായി ചർച്ച നടത്തിയ ശേഷം അവർക്ക് പറയാനുള്ളത് കേട്ടിട്ടേ തീരുമാനം എടുക്കൂ.
പി.കെ നാസർ
പാളയം കൗൺസിലർ