1

കുറ്റ്യാടി: കൃഷിയും സംസ്‌കാരവും കാർഷിക സംസ്‌കൃതിയുടെ നേർക്കാഴ്ചയായിരുന്നു ഒരുകാലത്ത്. വിത്തു വിതയ്ക്കുന്നതും കൊയ്‌ത്തും എല്ലാം നാടിന്റെ ഉത്സവമായി കൊണ്ടാടിയിരുന്ന ഒരു കാലം. മൺമറഞ്ഞെന്ന് കരുതിയ പഴമയുടെ സമൃദ്ധി തിരികെ പിടിക്കുകയാണ് വട്ടോളിയിലെ ഒരു കൂട്ടം കർഷകർ.

വ‌ർഷങ്ങളായി തുട‌ർന്ന് വരുന്ന പതിവാണെങ്കിലും കൊവിഡ് കാലത്ത് എല്ലാവരും ഒന്നുകൂടെ സജീവമായി. വട്ടോളിയിലെ പാടങ്ങളിൽ ഓരോ കുടുംബവും ഒരുമിച്ച് വിത്തിറക്കി, പരിപാലിച്ചു. കാലം തെറ്റിയെത്തിയ മഴയും കാലാവസ്ഥ വ്യതിയാനങ്ങളും വിളഞ്ഞ നെൽപാടങ്ങളെ തളർത്തി. എങ്കിലും മുന്നോട്ടുത്തന്നെ. ഒടുവിൽ വിളവെടുപ്പായി. വിളവെടുത്തു കൊണ്ടുവന്ന ആദ്യ കറ്റ ഓരോവീട്ടിലും നിലവിളക്ക് കത്തിച്ചാണ് സ്വീകരിച്ചത്.

കൊയ്‌തെടുക്കുന്ന നെൽകറ്റകളെ ചാണകം മെഴുകിയ മുറ്റത്ത് നിലവിളക്ക് കത്തിച്ച് വരവേൽക്കുന്നത് കവിതകളിൽ മാത്രമൊതുങ്ങുന്നിടത്തുനിന്നും പുതുജന്മം.

ദൈവതുല്യമായ അന്നമണികളെ ഏറെ ബഹുമാനത്തോടെ ആദരിച്ച് വട്ടോളിയിലെ നെൽപാടങ്ങളിൽ മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകർ തങ്ങളുടെ പൂർവികരുടെ ചെയ്തികൾ മറന്നില്ല. കനത്ത നഷ്ടം സഹിച്ചു കൊണ്ട് കൃഷി മുന്നോട്ട് കൊണ്ടു പോകാൻ തന്നെ ഉറച്ചിരിക്കുകയാണിവർ.