കോഴിക്കോട് : എ.എ.വൈ കാർഡുകൾക്ക് മാസത്തിൽ 30 കിലോഗ്രാം അരിയും 5 കിലോഗ്രാം ഗോതമ്പും തീർത്തും സൗജന്യമായി നൽകും. വിധവകൾ, ഉപേക്ഷിക്കപ്പെട്ട സ്ത്രീ, അവിവാഹിതയായ അമ്മ നിർധനയും നിരാലംബയുമായ സ്ത്രീ എന്നിവർ ഗൃഹനാഥയായ വീട്, 21 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷൻമാർ ഇല്ലാത്ത വീട്, ഗുരുതരവും മാരകവുമായ രോഗങ്ങൾ പിടിപ്പെട്ട അംഗങ്ങൾ ഉള്ള വീട്, പട്ടിക വർഗ കുടുംബം, ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ട തീർത്തും ദരിദ്രരായ കുടുംബം എന്നിവർക്കാണ് എ.എ.വൈ കാർഡിന് അർഹതയുള്ളത് .
മേൽ പറഞ്ഞ ക്ലേശ ഘടകങ്ങളാൽ എ.എ.വൈ കാർഡുകൾ ലഭിച്ച കുടുംബങ്ങൾ സാഹചര്യങ്ങൾ മാറിയിട്ടും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ ഉയർച്ച വന്നിട്ടും, കാർഡിൽ ഉൾപ്പെട്ട ഗുരുതര രോഗികളുടെ കാല ശേഷവും എ.എ.വൈ കാർഡുകൾ കൈവശം വെച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതായി അന്വേഷണത്തിൽ ബോധ്യം വന്നതായി വടകര താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഇങ്ങനെയുള്ളവർ നിർബന്ധമായും ഒരാഴ്ചക്കകം കാർഡുകൾ വടകര സിവിൽ സ്റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരാക്കി പിഴ അടച്ച് പൊതുവിഭാഗത്തിലേക്ക് മാറ്റണം. പിന്നിട് കണ്ടെത്തിയാൽ നടപടികൾ സ്വികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.