കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കള്ളപ്പണവും സ്വർണവും മറ്റും വരാനുള്ള സാദ്ധ്യത സംബന്ധിച്ച മുന്നറിയിപ്പിന്റെ വെളിച്ചത്തിൽ ആർ.പി.എഫിന്റെ പ്രത്യേക സംഘം ട്രെയിനുകളിലെ പരിശോധനയ്ക്ക് ആക്കം കൂട്ടിയതായിരുന്നു. ഇതിനിടയ്ക്ക് കറൻസിയായും സ്വർണമായും ഏറെ തടഞ്ഞെങ്കിലും അരിച്ചുപെറിക്കിയുള്ള തെരച്ചിലിൽ ഇന്നലെ കുടുങ്ങിയത് സ്‌ഫോടകവസ്തുക്കൾ.
തിരഞ്ഞെടുപ്പ് അടുത്തതോടെ കള്ളപ്പണത്തിന്റെ ഒഴുക്ക് കൂടാനിടയുണ്ടെന്നും ഇത് കൂടുതലും ട്രെയിൻ വഴിയായിരിക്കുമെന്നും കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ ഇതിനിടെ കേരള സന്ദർശനവേളയിൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ സൂചിപ്പിച്ചിരുന്നു. ഇത് തടയാൻ റെയിൽവേ കർശന നടപടി സ്വീകരിക്കണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ സംരക്ഷണ സേനയുടെ പ്രത്യേക സംഘം രൂപീകരിച്ച് ഉത്തരേന്ത്യൻ നഗരങ്ങളിൽ നിന്നും ചെന്നൈയിൽ നിന്നും വരുന്ന ട്രെയിനുകളിൽ കഴിഞ്ഞ പത്ത് ദിവസമായി കർശന പരിശോധന തുടരുകയാണ്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന 64 ദീർഘദൂര ട്രെയിനുകളിൽ 51 എണ്ണവും കേരളത്തിലേക്ക് പ്രവേശിക്കുന്നത് പാലക്കാട് ഡിവിഷൻ വഴിയാണ്. ഇത് കാരണമാണ് ഈ മേഖലയിൽ പരിശോധന കടുപ്പിച്ചത്.
പത്ത് ദിവസത്തെ പരിശോധനയിൽ ആറ് കോടി രൂപയുടെ കള്ളപ്പണവും സ്വർണവുമാണ് പ്രത്യേക സംഘം പിടികൂടിയത്. തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ പരിശോധന തുടരാനാണ് തീരുമാനം. വ്യാഴാഴ്ച കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാജസ്ഥാൻ സ്വദേശിയിൽ നിന്ന് 2. 2 കോടിയുടെ സ്വർണമാണ് പ്രത്യേക സംഘം പിടികൂടിയത്. പാലക്കാട് റെയിൽവേ ഡിവിഷൻ സെക്യുരിറ്റി കമ്മിഷണർ ജിതിൻ ബി. രാജിന്റെ നേതൃത്വത്തിലാണ് പരിശോധന. ചങ്ങനാശേരി സ്വദേശിയാണ് ഇദ്ദേഹം.