kk

കൊയിലാണ്ടി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി വന്നിട്ടും കൊയിലാണ്ടിയിലെ സ്ഥാനാർത്ഥി നിർണയത്തിൽ മൂന്നു മുന്നണികളിലും അനിശ്ചിതത്വം തുടരുന്നു. എൽ.ഡി.എഫിൽ നിലവിലെ എം.എൽ.എ കെ. ദാസൻ മൂന്നാം തവണയും സ്ഥാനാർത്ഥിയാകുമെന്ന വിശ്വാസത്തിൽ പ്രവർത്തനത്തിന് തിരികൊളുത്തി. കെ.ദാസൻ മത്സരിച്ചാലേ മണ്ഡലം നിലനിർത്താൻ കഴിയൂവെന്നാണ് അദ്ദേഹത്തിന് വേണ്ടി പ്രചാരണം തുടങ്ങിയവരുടെ വാദം. ദാസന്റെ ജനകീയതയും മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും വിജയ സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു. എന്നാൽ പാർട്ടി ഏരിയ ഘടകത്തിന് ഈ അഭിപ്രായത്തോട് യോജിപ്പില്ല. ഒരു മുൻ എം.എൽ.എയുടെ പേരും ഉയർന്നുവരുന്നുണ്ട്. അദ്ദേഹമായാൽ ചില സമുദായ വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. കൊയിലാണ്ടിക്ക് പുറത്തുള്ളവരെയാണ് പരിഗണിക്കുന്നതെങ്കിൽ വനിതാ നേതാവായ പി.സതീദേവിയുടെ പേരാണ് ഉയരുന്നത്. പേരാമ്പ്ര മണ്ഡലം കേരള കോൺഗ്രസ് (എം)ന് നൽകിയാൽ മന്ത്രി ടി.പി രാമകൃഷ്ണനും സാദ്ധ്യതയുണ്ട്.യു.ഡി.എഫിൽ കെ.പി.സി.സി സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണ്. എന്നാൽ എ വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. എ.ഐ.സി.സിയുടെ തീരുമാനം നടപ്പിലാക്കിയാൽ നാട്ടുകാരനും ഡി.സി.സി പ്രസിഡന്റുമായ യു. രാജീവനാണ് സാദ്ധ്യത. 1970 മുതൽ 1991 വരെ തുടർച്ചയായി കോൺഗ്രസ് വിജയിച്ച മണ്ഡലമാണിത്. അതിന് ശേഷം ഒരു തവണ മാത്രമാണ് കോൺഗ്രസ്

വിജയിച്ചത്. 2006 മുതൽ 2016 വരെ സി.പി.എം ആണ് കൊയിലാണ്ടിയിൽ വിജയിച്ചത്.
എൻ.ഡി.എ മുന്നണിയിൽ മുൻ ബി.ജെ. പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ. സത്യനാണ് സാദ്ധ്യത. കഴിഞ്ഞ തവണ മത്സരിച്ച രജനീഷ് ബാബു, വായനാരി വിനോദും സ്ഥാനാർത്ഥി പട്ടികയിലുണ്ടെന്നാണ് അറിയുന്നത്.