1

പെരുവണ്ണാമൂഴി: ചെമ്പനോടയിൽ കൃഷിയിടങ്ങളിലേക്ക് പുഴ കയറുന്നത് തടയാനുള്ള കർമ്മപദ്ധതി അടുത്ത കാലവർഷത്തിനു മുമ്പായി നടപ്പാക്കും.

ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി ഇതിനായി ബഡ്‌ജറ്റിൽ പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്.

പദ്ധതിയുടെ പ്രാരംഭഘട്ടത്തിന്റെ മുന്നോടിയായി ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും കടന്തറ പുഴയോരത്തെപ്രശ്നബാധിത മേഖല സന്ദർശിച്ചു. റവന്യു വകുപ്പുമായി ബന്ധപ്പെട്ട് പുഴയുടെ അതിര് വൈകാതെ നിർണയിക്കും.

ഓരോ വർഷവും കാലവർഷം കനക്കുമ്പോൾ കൃഷിഭൂമിയിൽ ഒരു പങ്ക് പുഴ കവരുന്ന അവസ്ഥയാണ്. പലർക്കും മീറ്ററുകളോളം ഭൂമി നഷ്ടപ്പെടാറുണ്ട്. നിറയെ കായ്കളുള്ള തെങ്ങുകളും മറ്റു ഫലവൃക്ഷങ്ങളും അടങ്ങുന്ന ഭാഗമാണ് പുഴയുടെ ഭാഗമാവുക. നിരവധി കർഷകർ വർഷങ്ങളായി ഈ ദുരിതം പേറുകയാണ്.
ഒന്നു മുതൽ നാല് വരെ വാർഡുകളിൽ വരുന്ന പുഴയോര പ്രദേശങ്ങളിലാണ് കെടുതി കൂടുതലും. രണ്ട്, മൂന്നു വാർഡുകൾ ഉൾപ്പെടുന്ന ചെമ്പനോട മേഖലയിലെ സിക്ക് വളവ്, പുഴ തുരുത്ത് ഭാഗം, അമ്മിയാം മണ്ണ് മേഖലകളിലാണ് ഗുരുതര പ്രശ്നം. ഗ്രാമസഭകളിൽ ആവശ്യം ശക്തമായി ഉയർന്നതോടെ പരിഹാര നടപടിയ്ക്കായി പഞ്ചായത്ത് പദ്ധതി ആവിഷ്കരിക്കുകയായിരുന്നു.

പുഴയുടെ ആഴം വർദ്ധിപ്പിക്കാൻ കൽകൂട്ടങ്ങൾ നീക്കം ചെയ്യും. പുഴ ഓരമിടിഞ്ഞ് കൃഷിഭൂമി നശിക്കുന്നിടത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കും. ഇതിനായി ഇറിഗേഷൻ വകുപ്പ് പ്ലാൻ തയാറാക്കും. നൂതന സാങ്കേതിക മാർഗങ്ങൾ അവലംബിച്ച് തൊഴിലുറപ്പ് പദ്ധതി വഴി പ്രവൃത്തികൾ തീർക്കാനാണു നീക്കം.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജ ശശി, പഞ്ചായത്തു മെമ്പർമാരായ കെ.എ ജോസ് കുട്ടി, സി.കെ ശശി, ലൈസ ജോർജ്, എം.എം പ്രദീപൻ, ബിന്ദുസജി, പേരാമ്പ്ര ബി.ഡി.ഒ പി.വി ബേബി, തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് കോ ഓർഡിനേറ്റർ ടി.എം മുഹമ്മദ് ജാ, ഇറിഗേഷൻ അസി.എൻജിനിയർ കെ.രഞ്ജിത്ത്, തൊഴിലുറപ്പ് പദ്ധതി ചക്കിട്ടപാറ പഞ്ചായത്ത് അസി. എൻജിനിയർ ശ്വേത പ്രഭീഷ്, കർഷക നേതാക്കളായ ഫ്രാൻസിസ് കിഴുക്കരക്കാട്ട്, ജെയ്സൺ ജോസഫ് വെട്ടിക്കൽ, ജീമോൻ സ്രാമ്പിക്കൽ എന്നിവ

രാണ് പുഴയോര മേഖല സന്ദർശിച്ചത്.

 ആഴം കൂട്ടിയാൽ

പുഴ നേരെയാകും

അടുത്ത കാലവർഷത്തിനു മുമ്പ് ആഴം കൂട്ടി കടന്തറ പുഴ നേരെയാക്കാനാണ് ആദ്യം ശ്രമിക്കേണ്ടതെന്ന് കർഷകർ പറയുന്നു. ദീർഘകാല പദ്ധതി പൂർത്തിയാകാൻ സമയമെടുക്കും. കൽക്കൂട്ടങ്ങൾ കാരണം പല ഭാഗത്തും പുഴ ഗതി മാറി ഒഴുകിയാണ് കൃഷിയിടങ്ങളിലേക്ക് കയറുന്നത്.

കഴിഞ്ഞ വർഷം ചെയ്ത പോലെ ജെ.സി.ബി ഉപയോഗിച്ച് കല്ലുകൾ ഇരു ഭാഗത്തേക്കും വാരിയിട്ടാൽ തന്നെ ഒഴുക്ക് നേരെയാവുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.