ബാലുശ്ശേരി: യൂത്ത് ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം ചതുർ ദിന പദയാത്രയ്ക്ക് ഇന്ന് തുടക്കമാവും. മൂന്ന് മേഖലകളിലായി നടക്കുന്ന പദയാത്രയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 4ന് കൂരാച്ചുണ്ടിൽ നടക്കും. മുസ്ലീം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡൻറ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്യും. നാളെ വൈകീട്ട് 3ന് കോട്ടൂർ പഞ്ചായത്തിലെ പൂനത്ത് നിന്നാരംഭിച്ച് വൈകീട്ട് കായണ്ണയിൽ സമാപിക്കും. എം.എസ്.എഫ്. മുൻ സംസ്ഥാന
പ്രസിഡൻ്റ് മിസ് ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ 9ന് പദയാത്ര അത്തോളിയിൽ നിന്നാരംഭിച്ച് നടുവണ്ണൂർ സമാപിക്കും. പൊതുസമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. മാർച്ച് രണ്ടിന് ഉണ്ണികുളം പഞ്ചായത്തിലെ പൂനൂരിൽ നിന്നാരംഭിക്കുന്ന യാത്ര മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്യും. വൈകീട്ട് ബാലുശ്ശേരിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ എം.കെ രാഘവൻ എം.പി ,നജീബ് കാന്തപുരം, മുജീബ് കാടേരി, സാജിദ് നടുവണ്ണൂർ എന്നിവർ സംസാരിക്കും. സിനിമാ താരം ധർമ്മജൻ ബോൾഗാട്ടി മുഖ്യാതിഥിയായിരിക്കും. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് പി. എച്ച് ഷമീർ ജാഥാ ക്യാപ്ടനായിരിക്കും. ഇടത് ദുർഭരണത്തിന് എതിരെയാണ് പദയാത്ര സംഘടിപ്പിക്കുന്നതെന്ന് നാസർ എസ്റ്റേറ്റ് മുക്ക്, പി.എച്ച് ഷമീർ, സി.കെ.ഷക്കീർ ,ഷംസീർ ആശാരിക്കൽ, കെ.കെ മുനീർ, ഫസൽ കൂനഞ്ചേരി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.