1
വാർത്താസമ്മേളനത്തിൽ അരയാക്കണ്ടി സന്തോഷ് സംസാരിക്കുന്നു. ഡോ.ജെ.എസ് അമ്പിളി, ഡോ.മെർലിൻ എബ്രഹാം, ഡോ.വി.കെ.രാമചന്ദ്രൻ എന്നിവർ സമീപം.

കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജ് 'നാക് " അംഗീകാര നിറവിലേക്ക് നീങ്ങുകയായി. 'നാക് " (നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) പിയർ ടീം വിസിറ്റ് മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ നടക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധിയും യോഗം ദേവസ്വം സെക്രട്ടറിയുമായ അരയാക്കണ്ടി സന്തോഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊയിലാണ്ടിയിലെ ഏക എയ്ഡഡ് കോളേജാണിത്. ഇവിടെ ഇപ്പോൾ ആറ് ബിരുദ കോഴ്സുകളും ഒരു ബിരുദാനന്തര ബിരുദ കോഴ്സുമുണ്ട്. ഈ അദ്ധ്യയനവർഷം എം.കോം കോഴ്സ് കൂടി ലഭിച്ചിരിക്കുകയാണ്. കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള എയ്ഡഡ് കോളേജുകളിൽ മികവുറ്റ സ്ഥാപനമായി മാറാൻ ഇക്കാലയളവിൽ കഴിഞ്ഞു. എണ്ണൂറോളം വിദ്യാർത്ഥികളുള്ള കോളേജിൽ 35 അദ്ധ്യാപകരും 20 ഓഫീസ് ജീവനക്കാരുമുണ്ട്. റാങ്ക് നേട്ടങ്ങൾ കൂടാതെ അക്കാദമിക് രംഗത്ത് പൊതുവിൽ മികവ് പ്രകടിപ്പിക്കാനും സർവകലാശാല കലോത്സവങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെയ്ക്കാനും ഈ കലാലയത്തിന് കഴിഞ്ഞു. നൂറ് കേഡറ്റുകളടങ്ങിയതാണ് എൻ.സി.സി യൂണിറ്റ്. കൊയിലാണ്ടി മുനിസിപ്പാലിറ്റിയുമായി കൈകോർത്ത് സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന രണ്ട് എൻ.എസ്.എസ് യൂണിറ്റുകളുമുണ്ട് കോളേജിൽ. വാർത്താസമ്മേളനത്തിൽ ഡോ.ജെ.എസ്.അമ്പിളി, ഡോ.മെർലിൻ എബ്രഹാം, ഡോ.സി.പി.സുജേഷ്, ഡോ.വി.കെ.രാമചന്ദ്രൻ എന്നിവരും സംബന്ധിച്ചു.