ഫറോക്ക്: കരുവൻതിരുത്തി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ സംഘർഷം. സി.പി.എം നേതൃത്വത്തിൽ കള്ളവോട്ടും ബൂത്ത് പിടുത്തവും നടത്തിയതായി ആരോപിച്ച് യു.ഡി.എഫ് രംഗത്തെത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് പ്രതിഷേധിച്ച യു.ഡി.എഫ് പ്രവർത്തകർ കടലുണ്ടി റോഡ് ഉപരോധിച്ചു.
ഇന്നലെ പുലർച്ചെ തന്നെ ചാലിയം, ബേപ്പൂർ, ഒളവണ്ണ, കോഴിക്കോട് പ്രദേശങ്ങളിൽ നിന്ന് സി.പി.എം പ്രവർത്തകർ വ്യാജ ഐ.ഡി കാർഡുമായി വന്ന് വോട്ടെടുപ്പ് നടക്കുന്ന ഫറോക്ക് ജി.വി.എച്ച്.എസ്.എസിൽ വോട്ട് ചെയ്തുവെന്നാണ് യു.ഡി.എഫിന്റെ ആരോപണം. സ്ഥലത്തില്ലാത്തവരും ഐ.ഡി കാർഡ് വാങ്ങിക്കാത്തവരുമായ മെമ്പർമാരുടെ പേരിൽ സി.പി.എം പ്രവർത്തകർക്ക് വ്യാജ ബാങ്ക് തിരിച്ചറിയൽ നൽകിയാണ് കള്ളവോട്ടിനു കളമൊരുക്കിയത്. ബാങ്ക് സെക്രട്ടറി ഇതിന് വേണ്ട ഒത്താശ ചെയ്തു കൊടുത്തെന്നും യു.ഡി.എഫ് ആരോപിച്ചു. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസറേയും പൊലീസിനെയും അറിയിച്ചപ്പോൾ ബാങ്ക് കാർഡിനോടൊപ്പം മറ്റൊരു തിരിച്ചറിയൽ രേഖ കൂടി ഹാജരാക്കാൻ നിർദ്ദേശമുണ്ടെന്നും അത് പാലിക്കുമെന്നും റിട്ടേണിംഗ് ഓഫീസർ നൽകിയ ഉറപ്പ് സി.പി.എമ്മുകാർ സമ്മതിക്കാതിരുന്നതോടെയാണ് പ്രതിഷേധം ഉയർന്നത്. ഇരുവിഭാഗവും ഉന്തും തള്ളും തുടങ്ങിയതോടെ പൊലീസെത്തി പിന്തിരിപ്പിച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ഇതിനിടെ പൊലീസിന് നേരെയും കൈയേറ്റ ശ്രമമുണ്ടായി.
കഴിഞ്ഞ ഭരണ സമിതി പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ ഭരണ സമിതി അംഗങ്ങളുൾപ്പെടെ നൽകിയ കേസുകൾ ഹൈക്കോടതി മുതൽ ആർബിറ്റേഷൻ കോടതിയിൽ വരെ നിലനിൽക്കുകയാണ്. അതിനിടെ ബാങ്ക് ഭരണ സമിതിയുടെ കാലാവധി അവസാനിക്കുകയും സർക്കാർ നോമിനേറ്റ് ഭരണം നിലവിൽ വരുകയും ചെയ്തു. ബാങ്കിന്റെ എ.ക്ലാസ്സ് മെമ്പർമാരുടെ എണ്ണം 3813 ആയിരിക്കെ വളഞ്ഞവഴിയിൽ പുതിയ മെമ്പർ മാരെ ചേർത്തി എ ക്ലാസ് മെമ്പർമാരുടെ എണ്ണം 7680 ആക്കി ഉയർത്തിയെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇക്കാര്യം യു.ഡി എഫ് കോടതിയിൽ ചോദ്യം ചെയ്യുകയും വോട്ടടുപ്പിൽ പുതുതായി ചേർത്ത അംഗങ്ങളുടെ വോട്ട് പ്രത്യേക പെട്ടിയിൽ നിക്ഷേപിക്കാൻ കോടതി ഉത്തരവാകുകയും ചെയ്തതായി നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മുനിസിപ്പൽ യു.ഡി എഫ് ചെയർമാൻ വി.മുഹമ്മദ് ബഷീർ, കൺവീനർ കെ.എ വിജയൻ, പി ബൈജു,വീരാൻ വേങ്ങാട്ട്, എം.കെ അബൂബക്കർ ,തസ് വീർ ഹസൻ , ഷാജി പറശ്ശേരി, മധുഫറോക്ക്, സി.എച്ച് സൈതലവി, കെ കൃഷ്ണകുമാർ ,സലാം മാട്ടുമ്മൽ, മോഹനൻ പളളിയാളി എന്നിവർ പങ്കെടുത്തു.