മുക്കം: നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്ന ദിവസം ഭിന്നശേഷിക്കാരെ ഓഫീസിൽ വിളിച്ചു വരുത്തിയ കാരശ്ശേരി പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം. മുൻ ഭരണ സമിതി നടപ്പാക്കിയ മുട്ട ഗ്രാമം പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളെ നിലവിലെ യു.ഡി.എഫ് ഭരണ സമിതി ആവശ്യമില്ലാതെ വിളിച്ചു വരുത്തിയെന്നാണ് ആരോപണം. പഞ്ചായത്ത് ഓഫീസിലെത്തിയ ലിസ്റ്റിൽ ഉൾപ്പെട്ട വരോട് അർഹതയില്ലെന്നറിയിച്ചത് ബഹളത്തിൽ കലാശിച്ചു. അർഹതയുള്ളവർക്ക് കോഴിയും കൂടും എന്ന് കൊടുക്കുമെന്ന് പറയാൻ അധികൃതർ തയ്യാറായില്ല. ഓഫീസിൽ ഉണ്ടായിരുന്ന എൽ.ഡി.എഫ് അംഗങ്ങളായ കെ.ശിവദാസൻ, കെ.പി ഷാജി, എം.ആർ സുകുമാരൻ, ഇ.പി അജിത്ത് എന്നിവർ ലിസ്റ്റിലുള്ള എല്ലാവർക്കും കോഴിയും കുടും നൽകണമെന്ന് ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാർക്ക് കോഴിയും കൂടും സൗജന്യമായി നൽകുന്നതാണ് മുട്ട ഗ്രാമം പദ്ധതി. മൃഗാശുപത്രി മുഖേനയാണ് പദ്ധതി നടപ്പാക്കാകാൻ തീരുമാനിച്ചത്.