കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിനു തിയതി പ്രഖ്യാപിച്ചിരിക്കെ വയനാട് ഡി.സി.സി സെക്രട്ടറിയും ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.കെ. അനിൽകുമാർ ലോക് താന്ത്രിക് ജനതാദളിൽ (എൽ.ജെ.ഡി) ചേർന്നു. വാർത്താസമ്മേളനത്തിലാണ് കോൺഗ്രസിൽനിന്നും ഐ.എൻ.ടി.യു.സിയിൽനിന്നും രാജിവച്ച് എൽ.ജെ.ഡിയിൽ ചേരുന്നതായി അനിൽകുമാർ അറിയിച്ചത്.
ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണനെ അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്നുകണ്ട് പാർട്ടി വിടാനുള്ള സാഹചര്യങ്ങൾ വിശദീകരിച്ച അനിൽകുമാർ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റിനെയും രാജിക്കാര്യം അറിയിച്ചു. ഇതിനുശേഷമായിരുന്നു വാർത്താസമ്മേളനം. പിന്നീട് എൽ.ജെ.ഡി അദ്ധ്യക്ഷൻ എം.വി.ശ്രേയാംസ്കുമാറിൽനിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു.
കോൺഗ്രസ്, ഐ.എൻ.ടി.യു.സി നേതാവ് പരേതനായ പി.കെ. ഗോപാലന്റെ മകനാണ് അനിൽകുമാർ. ചായത്തോട്ടം തൊഴിലാളികൾക്കിടയിൽ സ്വാധീനമുള്ള ഇദ്ദേഹം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടുവർഷമായി കോൺഗ്രസ് നേതൃത്വത്തിൽ ഒരു വിഭാഗത്തിൽ നിന്നുള്ള അവഗണനയാണ് പാർട്ടി വിടാൻ കാരണമെന്ന് അനിൽകുമാർ പറഞ്ഞു. ഏറ്റവും ഒടുവിൽ രാഹുൽഗാന്ധി എം.പി മാണ്ടാട് നിന്ന് മുട്ടിലിലേക്കു നടത്തിയ ട്രാക്ടർ യാത്രയുമായി ബന്ധപ്പെട്ടും തിക്താനുഭവമുണ്ടായി. പ്രദേശവാസിയായ ഡി.സി.സി സെക്രട്ടറിയായിട്ടും ട്രാക്ടർ യാത്ര സംബന്ധിച്ച് തന്നോട് സംസാരിച്ചില്ല.എം.വി.ശ്രേയാംസ്കുമാർ ക്ഷണിച്ചതനുസരിച്ചാണ് എൽ.ജെ.ഡിയിൽ ചേർന്നത്.സ്ഥാനമാനങ്ങൾ കിട്ടാത്തതുകൊണ്ടല്ല കോൺഗ്രസ് വിട്ടത്. ശ്രേയാംസ്കുമാറിന്റെ പിതാവും തന്റെ പിതാവും ഒരേ കാലത്ത് ജില്ലയിൽ രാഷ്ട്രീയ, ട്രേഡ് യൂണിയൻ രംഗങ്ങളിൽ പ്രവർത്തിച്ചവരാണ്.
കൽപ്പറ്റ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയാകണമെന്ന മോഹത്തോടെയാണ് എൽ.ജെ.ഡിയിൽ ചേർന്നതെന്ന പ്രചാരണത്തിൽ കഴമ്പില്ല. രാഷ്ട്രീയം തന്റെ ഉപജീവനമാർഗമല്ല. സീറ്റ് പാർട്ടിക്കു ലഭിക്കുകയും നേതൃത്വം സ്ഥാനാർഥിത്വം നൽകുകയും ചെയ്താൽ നിരസിക്കില്ലെന്നും അനിൽകുമാർ പറഞ്ഞു.
അതേസമയം, ദലിത് ലീഗ് നേതാവും ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ എ.ദേവകി, കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പി.എം.ജോയ് എന്നിവരും കഴിഞ്ഞ ദിവസം എൽ.ജെ.ഡിയിൽ ചേരുന്നതായി അറിയിച്ചിരുന്നു.