muslim-league

കോഴിക്കോട്: തിരുവമ്പാടി നിയമസഭാ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന സഭാനിർദ്ദേശം നിലനിൽക്കെ പിന്തുണ തേടി മുസ്ളിം ലീഗ് നേതാക്കൾ ബിഷപ്പ് ഹൗസിൽ. പി.കെ കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറുമാണ് ഇന്നലെ രാവിലെ താമരശേരി ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയേലുമായി കൂടിക്കാഴ്ച നടത്തിയത്. സന്ദ‌ർശത്തിന്റെ വിശദാംശങ്ങൾ ഇരുവിഭാഗവും വെളിപ്പെടുത്തിയിട്ടില്ല.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവമ്പാടി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം സഭ യു.ഡി.എഫ് നേതൃത്വത്തിനു മുമ്പാകെ വച്ചിരുന്നെങ്കിലും, ഇതു മുഖവിലയ്‌ക്കെടുക്കാതെ ലീഗിലെ വി.എം ഉമ്മൻ മാസ്റ്ററെ മത്സരിപ്പിച്ചു. യു.ഡി.എഫിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ ഉമ്മർ മാസ്റ്റർ 3008 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. തിരുവമ്പാടിയിൽ സി.എം.പിയിലെ സി.പി ജോണിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ പലരും ഉന്നയിക്കുന്നതിനിടെയാണ് ലീഗ് സ്ഥാനാർത്ഥിക്ക് പിന്തുണ തേടി നേതാക്കൾ ബിഷപ്പ് ഹൗസിലെത്തിയത്.

തിരുവമ്പാടി സീറ്റിന് ഇത്തവണ ആവശ്യക്കാർ ഏറെയാണ്. കണക്കുകളുടെ പിൻബലമാണ് ഇരു മുന്നണിയിലെയും കക്ഷികളുടെ വിജയപ്രതീക്ഷയ്ക്കു പിന്നിൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ ജോർജ് എം. തോമസാണ് വിജയിച്ചതെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 5256 വോട്ടിന്റെ ലീഡുണ്ട്.

2011ൽ മുസ്ളിം ലീഗിലെ സി.മോയിൻകുട്ടിയായിരുന്നു തിരുവമ്പാടിയുടെ പ്രതിനിധി. 2016ൽ സീറ്റ് തിരിച്ചുപിടിച്ച ജോർജ് എം.തോമസ് ആരോഗ്യ കാരണങ്ങളാൽ ഇക്കുറി മത്സരിക്കാനിടയില്ലെന്നാണ് സൂചന.കുടിയേറ്റ കർഷകർക്ക് സ്വാധീനമുള്ള മണ്ഡലമെന്ന നിലയിൽ കേരള കോൺഗ്രസ് (എം) സീറ്റിനായി കൊണ്ടുപിടിച്ച ശ്രമത്തിലാണ്. മണ്ഡലം ഒത്തുകിട്ടിയാൽ പാർട്ടി ജില്ലാ പ്രസിഡന്റ് ടി.എം ജോസഫിനെ രംഗത്തിറക്കാനാണ് ആലോചന. സീറ്റിനായി കോൺഗ്രസും ആവശ്യമുയർത്തിക്കഴിഞ്ഞു. എന്നാൽ തിരുവമ്പാടി വിട്ടൊഴിയാൻ സി.പി.എമ്മും മുസ്ളിം ലീഗും ഒരുക്കമല്ല. കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ്, ഡി.വൈ.എഫ്.ഐ നേതാവും കാലിക്കറ്റ് സർവകലാശാലാ മുൻ ചെയർമാനുമായ എസ്.കെ സജീഷ്, ഗിരീഷ് ജോൺ എന്നീ പേരുകളാണ് സി.പി.എം പരിഗണിക്കുന്നത്.

അദ്ധ്യാപക സംഘടനാ നേതാവ് സി.പി ചെറിയ മുഹമ്മദിന്റെ പേരാണ് മുസ്ലിം ലീഗ് മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞ രണ്ടു തവണ ഇദ്ദേഹത്തിന്റെ പേര് ഇവിടത്തെ പട്ടികയിൽ വന്നെങ്കിലും അവസാന നിമിഷം മാറിമറിഞ്ഞു. ഇത്തവണ പരിഗണിക്കണമെന്ന ആവശ്യവുമായി ലീഗിലെ ഒരു വിഭാഗം സമ്മർദ്ദം തുടരുന്നുണ്ട്. അതേസമയം സഭ ഉന്നയിച്ച ആവശ്യത്തിൽ ഉറച്ച് നിന്നാൽ ലീഗിന് പിന്മാറേണ്ടി വരും.