
കോഴിക്കോട്: മുസ്ലീം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളെ പരിഹസിച്ച് മുസ്ളിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീർ എം.എൽ.എ. ഭരണഘടനയെയും ജനാധിപത്യത്തെയും സെക്കുലർ സ്വഭാവത്തെയും ശത്രുപക്ഷത്ത് നിറുത്തിയ ബി.ജെ.പി പോലുള്ള ഫാസിസ്റ്റ് കക്ഷിയോട് ഏതെങ്കിലും കാലത്ത് കൂട്ടു കക്ഷിയാകേണ്ട ഗതി കേട് വരുമെങ്കിൽ അന്ന് പ്രസ്ഥാനം പിരിച്ചു വിടുന്നതായിരിക്കും അഭികാമ്യമെന്ന് മുനീർ ഫേസ് ബുക്കിൽ കുറിച്ചു. മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ബി. ജെ. പി നേതാവ് ശോഭാ സുരേന്ദ്രന്റെ അഭിപ്രായം രാഷ്ട്രീയ ഫലിതമായിട്ടാണ് പാർട്ടി കാണുന്നത് . ഇന്ത്യയുടെ മഹത്തായ ഭരണഘടന സെക്കുലർ മൂല്യങ്ങളോടെ നില നിൽക്കണമെന്ന് ദൃഢ നിശ്ചയം ചെയ്ത് പ്രവർത്തിക്കുന്ന ജനാധിപത്യ പാർട്ടിയാണ് ലീഗ്. ഞങ്ങളുടെ പാർട്ടിയെ ദേശീയത പഠിപ്പിക്കാൻ ബി. ജെ.പിക്ക് എന്ത് അവകാശമാണുള്ളത്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും പാഴ്സിയും ബുദ്ധനും ജൈനനും മതമില്ലാത്തവരും എല്ലാം ഉൾപ്പെടുന്ന ബഹുസ്വരതയുടെ ദേശീയതയാണ് ലീഗിന്റെ ദേശീയത . നിങ്ങളുടെ ദേശീയതയും രാഷ്ട്ര സങ്കൽപ്പവും നിങ്ങൾ മാത്രമുള്ള ദേശമെന്ന സങ്കുചിത ചിന്തയുടെ സങ്കല്പങ്ങളാണ്. ലീഗ് എവിടെ നിൽക്കണം , എവിടെ നിൽക്കരുത് എന്ന് തീരുമാനിക്കാനുള്ള പ്രാപ്തിയും നേതൃത്വവും ലീഗിനുണ്ട്. കോഴിയെ കുറുക്കനെ ഏൽപ്പിക്കേണ്ട ഗതികേട് കേരളത്തിലില്ലെന്നും മുനീർ കുറിപ്പിൽ പറയുന്നു.