കൽപ്പറ്റ: ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ അനിൽകുമാറിന് പിന്നാലെ വയനാട്ടിൽ മഹിളാ നേതാവ് കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ സുജയാ വേണുഗോപാലാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് സുജയ പറഞ്ഞു. കോൺഗ്രസ് നേതാവും കേരള കെട്ടിട നിർമാണത്തൊഴിലാളി കോൺഗ്രസ് (കെ.കെ.എൻ.ടി.സി) വയനാട് ജില്ലാ പ്രസിഡന്റുമായ എൻ.വേണുഗോപാലിന്റെ ഭാര്യയാണ്. സി.പി.എം കൽപ്പറ്റ മണ്ഡലം വികസന വിളംബര ജാഥയ്ക്ക് മേപ്പാടിയിൽ നൽകിയ സ്വീകരണത്തിൽ സുജയ പങ്കെടുത്തു. പാർടി സംസ്ഥാന കമ്മിറ്റി അംഗം സി.കെ ശശീന്ദ്രൻ എം.എൽ.എ ഹാരാർപ്പണം ചെയ്തു.