pc

കോട്ടയം: പൂഞ്ഞാറുകാരുടെ 'ഒറ്റക്കൊമ്പനാണ്" സാക്ഷാൽ പി.സി. ജോർജ്. ആർക്കും മെരുങ്ങാത്ത ഒറ്റയാൻ. 2016ൽ മൂന്ന് മുന്നണികളെയും കാഴ്ചക്കരാക്കി മുപ്പതിനായിരത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തോടെ നിയമസഭയിൽ കൊമ്പുകുലുക്കിയ പി.സി രാഷ്ട്രീയക്കാരുടെ 'സൂപ്പർ സ്റ്റാറാണ്". പക്ഷേ ഇത്തവണ ജോർജ് യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന ക്ലൈമാക്‌സുണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് പൂഞ്ഞാർ.

ആരെയും കൂസാത്ത പ്രകൃതം ജോർജിന് ധാരാളം ശത്രുക്കളെയും സമ്മാനിച്ചു. യു.ഡി.എഫിൽ രമേശ് ചെന്നിത്തലയ്‌ക്കാണ് ജോർജിനോട് കൂടുതൽ താത്പര്യം. പഴയ നീരസം ഉമ്മൻചാണ്ടിയിലുമില്ല. അങ്ങനെ യു.ഡി.എഫിന് അഭിമതനായ ജോർജിനോട് പൂഞ്ഞാറിലെ പ്രാദേശിക നേതാക്കൾക്കുള്ള വിരോധം മാറിയിട്ടില്ല. യു.ഡി.എഫ് പിന്തുണയ്‌ക്കരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ്, മുസ്ലിംലീഗ് പ്രാദേശിക ഘടകങ്ങൾ പ്രമേയവും പ്രകടനവുമെല്ലാം പാസാക്കുമ്പോൾ ജോർജിന് കുലുക്കമില്ല.

തദ്ദേശ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ ജില്ലാ പഞ്ചായത്തു ഡിവിഷനിൽ മൂന്നു മുന്നണികളെയും തോൽപ്പിച്ച് മകൻ ഷോൺ ജോർജിനെ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് ജോർജ് വീണ്ടും ശക്തി തെളിയിച്ചു. തന്റെ വോട്ടു ബാങ്കിൽ വിള്ളലില്ലെന്ന് ഇതിലൂടെ ജോർജ് അടിവരയുമിട്ടു. ഒരു മണ്ഡലത്തിൽ പതിനായിരം വോട്ടുകൾ സ്വാധീനിക്കാൻ ജോർജിന്റെ ജനപക്ഷത്തിനു കഴിഞ്ഞാൽ അതു തങ്ങളുടെ വിജയത്തെ ബാധിക്കുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. അതാണ് എതിർപ്പുകൾ മറികടന്ന് ജോർജിനെ ഒപ്പം നിറുത്താൻ കോൺഗ്രസ് ശ്രമിക്കുന്നത്.

പൂഞ്ഞാറില്ലെങ്കിൽ പാലായോ കാഞ്ഞിരപ്പള്ളിയോ കിട്ടിയാൽ മതിയെന്ന നിലപാടിലാണ് ജോർജ്. മാണി സി. കാപ്പൻ ഇടതു മുന്നണി വിടുന്നില്ലെങ്കിൽ പാലായിൽ ജോസ് കെ. മാണിക്കെതിരെ ജോർജിനെ നിറുത്താമെന്ന അഭിപ്രായവും നേതാക്കൾക്കുണ്ട്. പഴയ പൂഞ്ഞാറിലെ പല പഞ്ചായത്തുകളും ഇപ്പോൾ പാലാ മണ്ഡലത്തിലുമാണ്.

'സീറ്റിനായി യു.ഡി.എഫിന്റെ പിന്നാലെ പോവില്ല. ഒറ്റയ്ക്കു നിന്ന് ജയിക്കാനറിയാം. ഒപ്പം കോട്ടയത്തെ പല മണ്ഡലങ്ങളിലും യു.ഡി.എഫിനെ തോൽപ്പിക്കാനും കഴിയും".

- പി.സി. ജോർജ്