coffee

ചങ്ങനാശേരി: രാവിലെ എഴുന്നേറ്റാൽ കട്ടൻ കാപ്പിയും പത്രവും ശീലമാക്കിയവരാണ് മലയാളികൾ. എന്നാൽ വിലയില്ലാത്ത കാപ്പിക്കുരു വിൽക്കാൻ വിപണി കിട്ടാതെ ദുരിതത്തിലായിരിക്കുകയാണ് കാപ്പി കർഷകർ. മദ്ധ്യകേരളത്തിൽ കാപ്പി ഉപയോഗം കൂടുമ്പോഴും കാപ്പിക്കുരുവിനും കർഷകർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ബജറ്റിൽ കാപ്പിക്കുരുവിന് 90 രൂപ തറവില പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ ഗുണം ജില്ലയിലെ കർഷകർക്ക് ലഭിക്കില്ല. മേലുകാവ്, പാമ്പാടി, എരുമേലി, മണിമല, കറുകച്ചാൽ, കാഞ്ഞിരപ്പള്ളി, പാലാ, പൂഞ്ഞാർ മേഖലകളിലാണ് ജില്ലയിൽ കാപ്പി ഉത്പാദിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്നത് പാലാ, പൂഞ്ഞാർ മേഖലകളിലാണ്. സംസ്ഥാനത്ത് വയനാട്, ഇടുക്കി ജില്ലകളിലാണ് കൂടുതൽ ഉത്പാദനം. ജില്ലയിലെ റബർത്തോട്ടങ്ങളിലും പുരയിടങ്ങളിലും കാപ്പിക്കുരു വ്യാപകമായി ഇടവിളയായി കൃഷി ചെയ്യുന്നുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കാപ്പിക്കുരു വിളവെടുപ്പ് നടക്കുന്നത്.

സംഭരണ കേന്ദ്രം ഇല്ല

കാപ്പിക്കുരു സംഭരിക്കാനുള്ള യാതൊരു സംവിധാനവും ജില്ലയിൽ ഇല്ല. മുമ്പ് കോഫി ബോർഡിന്റെ നേതൃത്വത്തിലാണ് കാപ്പിക്കുരു സംഭരിച്ചിരുന്നത്. എന്നാൽ കോഫി ബോർഡ് ഇത് നിർത്തലാക്കിയത് കർഷകന് തിരിച്ചടിയായി. ഇതോടെ ജില്ലയിൽ കാപ്പിക്കുരു സംഭരിക്കാൻ ആളില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. നിലവിൽ കാപ്പിപ്പൊടി നിർമ്മിക്കുന്ന ചെറിയ കമ്പനികൾക്കാണ് കർഷകർ കാപ്പിക്കുരു നൽകിക്കൊണ്ടിരുന്നത്. എന്നാൽ ഈ കമ്പനികളും കർഷകന്റെ കാപ്പിക്കുരു സ്വീകരിക്കാൻ തയ്യാറാകുന്നില്ല. കമ്പനികൾ ഇപ്പോൾ മറ്റ് സ്ഥലങ്ങളിൽനിന്ന് വിലകുറഞ്ഞതും ഗുണമേന്മ കുറഞ്ഞതുമായ കാപ്പിക്കുരുവാണ് സംഭരിക്കുന്നത്. ഇതോടെ കർഷകന്റെ കയ്യിൽ കാപ്പിക്കുരു കയ്യിൽ കെട്ടിക്കിടക്കുകയാണ്. വയനാട് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിക്കാണ് നിലവിൽ സംഭരണ അനുമതി ഉള്ളത്. ഈ സൊസൈറ്റിയിൽ അംഗങ്ങളായവർക്ക് മാത്രമേ അതിന്റെ ഗുണം ലഭിക്കുകയുള്ളു.

വില നിലവാരം

ഒരു കിലോ കാപ്പിക്കുരുവിന് 150 രൂപ ലഭിച്ചിരുന്നു. പിന്നീട്, കാപ്പിക്കുരുവിന്റെ വിലയിൽ ഇടിവ് വന്നു തുടങ്ങി. ഇന്ന് കിലോയ്ക്ക് കർഷകർക്ക് ലഭിക്കുന്നത് 50 രൂപയിൽ താഴെ മാത്രമാണ്. ഒരു കിലോ കാപ്പിപൊടിയ്ക്ക് വില 280 രൂപയാണ്. വയനാട്ടിൽ കാപ്പി കിലോയ്ക്ക് 70, 75 രൂപയാണ് വില ഈടാക്കുന്നത്. കാപ്പിക്കുരു കുത്തി, വറുത്ത്,പൊടിച്ച് വില്ക്കുമ്പോൾ ചെലവേറെയാണ്. 300 രൂപ ലഭിച്ചാൽ മാത്രമേ കർഷകന് ഗുണകരമാകുകയുള്ളൂ.