road

കട്ടപ്പന: ഒരു പതിറ്റാണ്ടിലേറെയായി തകർന്നുകിടന്ന മാർക്കറ്റ് ജംഗ്ഷൻ​- വട്ടുകുന്നേൽപ്പടി- കുന്തളംപാറ പി.ഡബ്ല്യു.ഡി റോഡിന്റെ നിർമാണം തുടങ്ങി. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ ഇടപെട്ടതോടെയാണ് നിർമാണത്തിനു വഴിതെളിഞ്ഞത്. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് എം.എൽ.എ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതോടെ 15 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. തുടർന്ന് ടെൻഡൻ നടപടികൾ പൂർത്തീകരിച്ച് കഴിഞ്ഞദിവസം മുതൽ നിർമാണം ആരംഭിച്ചു. ഒരുമാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ച് റോഡ് തുറന്നുകൊടുക്കുമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. അറിയിച്ചു.
കട്ടപ്പന ഗ്രാമപഞ്ചായത്തായിരുന്നപ്പോൾ 10 വർഷം മുമ്പാണ് റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുത്തത്. പിന്നീട് അറ്റകുറ്റപ്പണികളൊന്നുമുണ്ടായില്ല. ടാറിംഗ് തകർന്ന് ഗർത്തങ്ങൾ രൂപപ്പെട്ടതോടെ അപകടങ്ങളും പതിവായി. മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ടും രൂക്ഷമായിരുന്നു. നിർമ്മാണം വൈകിയതിൽ പ്രതിഷേധിച്ച് സി.പി.എം റോഡിൽ വാഴ നട്ട് സമരം നടത്തിയിരുന്നു. കൂടാതെ കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് നാട്ടുകാർ ബോർഡുകൾ സ്ഥാപിച്ചും പ്രതിഷേധിച്ചിരുന്നു.