
ചങ്ങനാശേരി: നഗരസഭയുടെ മൂക്കിനു താഴെ മാലിന്യക്കൂമ്പാരം കൂടിക്കിടന്നിട്ടും കണ്ടില്ലെന്ന് നടിച്ച് അധികൃതർ. നഗരസഭാ കെട്ടിടത്തിനു മുൻവശത്തുള്ള ആയുർവേദ വൈദ്യശാലയ്ക്ക് സമീപത്തെ ഇടറോഡിലാണ് മാലിന്യക്കൂമ്പാരവും മദ്യക്കുപ്പികളും കൂടിക്കിടക്കുന്നത്. നഗരത്തിലെ തിരക്കിൽ നിന്ന് ഫയർസ്റ്റേഷൻ റോഡിലേയ്ക്കും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേയ്ക്കുമുള്ള എളുപ്പ മാർഗമാണിത്. നിരവധി യാത്രക്കാർ ദിനംപ്രതി കടന്നു പോകുന്ന റോഡരികിലാണ് ഇത്തരത്തിൽ മാലിന്യങ്ങൾ കൂടിക്കിടക്കുന്നത്. കൂടാതെ, നിരവധി മറ്റ് ഇടറോഡുകളിൽ ഇത്തരത്തിൽ മാലിന്യങ്ങൾ കുന്നു കൂടിക്കിടക്കുന്നുണ്ട്. സമീപത്തെ നടപ്പാതകളിലും മറ്റും മാലിന്യം കൂട്ടിയിട്ട് കത്തിച്ച നിലയിലാണ്. മദ്യക്കുപ്പികൾ പൊട്ടിയതും ഇവയുടെ മുറിക്കഷ്ണങ്ങളും റോഡിൽ ചിതറിക്കിടക്കുന്നതും അപകടത്തിന് ഇടയാക്കുന്നു. ഇതിനു സമീപത്തായി സ്വകാര്യ ആശുപത്രിയും സ്ഥിതി ചെയ്യുന്നുണ്ട്. വ്യാപാരസ്ഥാപനങ്ങളിലെയും മദ്യശാലകളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിക്കുന്നത്. കഴിഞ്ഞ ഒരുമാസമായി മാലിന്യങ്ങൾ ഇവിടെ കിടക്കാൻ തുടങ്ങിയിട്ടെന്ന് യാത്രക്കാരും സമീപത്തുള്ളവരും പറയുന്നു. ദുർഗന്ധവും കൊതുകു ശല്യവും ഇവിടെ രൂക്ഷമാണ്. കൊവിഡ് വ്യാപന ഭീതി കൂടാതെ മറ്റ് സാംക്രമിക രോഗങ്ങളും പടർന്നു പിടിക്കുമെന്ന ഭീതിയിലാണ് യാത്രക്കാർ.
വഴിവിളക്കുകൾ തെളിയുന്നില്ല
നഗരസഭ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന പ്രശ്‌നമാണ് മാലിന്യം. എന്നാൽ, ഇത് പരിഹരിക്കുന്നതിനായി നഗരസഭയിൽ ശുചീകരണ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവരുടെ പ്രവർത്തനം കാര്യക്ഷമമല്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. മാലിന്യങ്ങൾ കുന്നുകൂടുന്നതിന് വഴിലൈറ്റുകൾ തെളിയാത്തതും കാരണമാകുന്നു. ഇടറോഡുകൾ പലതും സന്ധ്യകഴിഞ്ഞാൽ ഇരുട്ടിന്റെ പിടിയിലാണ്. അതിനാൽ മാലിന്യ നിക്ഷേപകർക്കും ഇത് സഹായകമാകുന്നു. ആളൊഴിഞ്ഞ കെട്ടിടങ്ങളും ഇടറോഡുകളും സാമൂഹ്യവിരുദ്ധരുടെയും മദ്യപ സംഘത്തിന്റെയും ഇടത്താവളമായി മാറി. പുതിയ ഭരണസമിതി മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ജനം. നഗരമദ്ധ്യത്തിലെയും ഇടറോഡുകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും യഥാസമയങ്ങളിൽ വൃത്തിയാക്കുന്നതിനും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു.