station

ചങ്ങനാശേരി: ഹൈടെക്ക് സംവിധാനങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം നാളെ. ചങ്ങനാശേരി സബ് ഡിവിഷനിലെ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചൊവ്വാഴ്ച്ച വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്റ മുഖ്യ പ്രഭാഷണം നടത്തും. കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, ചങ്ങനാശേരി ഡിവൈ.എസ്.പി.വി.ജെ ജോഫി, തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ സുവർണ്ണ കുമാരി, തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ.അജീബ്, വാർഡ് മെമ്പർ ജാൻസി മാർട്ടിൻ എന്നിവർ പങ്കെടുക്കും.

സർക്കാർ അനുവദിച്ച 90 ലക്ഷം രൂപ ചെലവഴിച്ച് മൂന്നു നിലകളായി എല്ലാ സൗകര്യങ്ങളോടും കൂടിയാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. 2019 ഫെബ്രുവരിയിൽ മന്ത്രി എം.എം മണിയാണ് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചത്. കൊക്കോട്ടുചിറ കുളത്തിനു സമീപമാണ് 5000 സ്‌ക്വയർ ഫീറ്റ് കെട്ടിടം പൂർത്തിയാക്കിയിരിക്കുന്നത്. കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ആണ് നിർമ്മാണ ചുമതല നിർവഹിച്ചത്. ആദ്യ നിലയിൽ എസ്.എച്ച്.ഒ, റൈറ്റർ പ്രിൻസിപ്പൽ എസ്.ഐ, എസ്.ഐ, എന്നിവർക്ക് കമ്പ്യൂട്ടർ റൂം, വെയിറ്റിംഗ് സ്ഥലം, വരാന്ത, കാർപോർച്ച്, മൂന്ന് സെല്ലുകൾ എന്നിവയും ഉണ്ട്. രണ്ടാം നിലയിൽ ക്രൈം എസ്.ഐയുടെയും എസ്.ഐ മാരുടെയും റൈറ്ററുടെയും മുറിയും ചോദ്യം ചെയ്യുന്നതിനും റെക്കോർഡുകൾ സൂക്ഷിക്കുന്നതിനും തൊണ്ടിമുതലുകൾ സൂക്ഷിക്കുന്നതിനുള്ള മുറികൾ ഉണ്ടാകും. മൂന്നാം നിലയിൽ 600 സ്‌ക്വയർ ഫീറ്റ് ഓപ്പൺ ഹാൾ, വനിതാ പൊലീസുകാർക്കും മറ്റു പൊലീസുകാർക്കും വിശ്രമിക്കുന്നതിനായി പ്രത്യേകം മുറികൾ, റിക്രിയേഷൻ ഹാൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഏഴ് മുറികൾ പൂർണ്ണമായും ശീതീകരിച്ചിട്ടുണ്ട്.

2006 ഡിസംബർ 18നാണ് തൃക്കൊടിത്താനത്ത് ആദ്യമായി അനുവദിച്ച പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കൊടിയേരി ബാലകൃഷ്ണനാണ് നിർവഹിച്ചത്. പരിമിതമായ സൗകര്യങ്ങളോടെയുള്ള വാടക കെട്ടിടത്തിലാണ് അന്ന് മുതൽ ഇപ്പോൾ വരെ സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്.