varayadu

കോട്ടയം: വരയാടുകളുടെ പ്രജനന കാലം ആരംഭിച്ചു. ഇരവികുളം ദേശീയോദ്യാനം ഇന്നലെ അടച്ചു. രണ്ടു മാസം കഴിഞ്ഞേ ഇനി സഞ്ചാരികൾക്ക് വരയാടുകളെ നേരിൽ കാണാൻ അവസരമുണ്ടാവുകയുള്ളു. ഇതിനോടകം ഏതാനും വരയാടുകൾ പ്രസവിച്ചതായി ഇരവികുളം വൈൽഡ് ലൈഫ് വാർഡൻ ആർ‌.ലക്ഷ്മി വ്യക്തമാക്കി. ആളുകളുടെ ശബ്ദകോലാഹലങ്ങളിൽ പെടാതെ വരയാടുകളുടെ സുഖപ്രസവത്തിനും നവജാത കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കുമായി ജനുവരി മുതൽ രണ്ടു മാസക്കാലമാണ് ഉദ്യാനം അടച്ചിടുക.

കൊവിഡ് ബാധയെ തുടർന്ന് ഇരവികുളം ദേശീയോദ്യാനത്തിൽ സന്ദർശകർക്ക് അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് വീണ്ടും സന്ദർശനാനുമതി നല്കിയത്. ഇതോടെ രാജമലയിൽ തിരക്കായി. ശരാശരി 1500 പേരാണ് ഓരോ ദിവസവും എത്തിയിരുന്നത്.

കഴിഞ്ഞ സീസണിൽ പ്രജനനത്തെ തുടർന്ന് മാർച്ച് 22ന് ഉദ്യാനം തുറന്നിരുന്നുവെങ്കിലും കൊവിഡ് മുൻകരുതലിന്റെ ഭാഗമായി ഏതാനും ദിവസങ്ങൾക്ക് ശേഷം അടയ്ക്കുകയായിരുന്നു. 111 കുഞ്ഞുങ്ങളാണ് കഴിഞ്ഞ സീസണിൽ ജനിച്ചത്. 223 ആടുകളാണ് ആകെ ഇരവികുളം ദേശീയോദ്യാനത്തിലുള്ളത്.

ഒക്ടോബർ മുതൽ ജനുവരി വരെയാണ് വരയാടുകളെ കാണാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി സഞ്ചാരികൾ കൂടുതലായി എത്തുന്നത്. പ്രകൃതി ദുരന്തത്തെ തുടർന്ന് 2019 സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി എത്തിയത് 1,34,957 പേർ മാത്രമാണ്. നാലുലക്ഷം വിനോദസഞ്ചാരികൾ എത്തുമെന്ന വനംവകുപ്പിന്റെ പ്രതീക്ഷയാണ് പ്രകൃതി ദുരന്തം കശക്കിയെറിഞ്ഞത്. മഹാപ്രളയത്തെ തുടർന്ന് സന്ദർശകരുടെ എണ്ണത്തിൽ വൻ ഇടിവാണ് ഉണ്ടായത്. ഇരവികുളത്തേക്കുള്ള ചെറിയപുഴ പാലം ഒലിച്ചുപോയതും മണ്ണിടിച്ചിൽ റോഡുകൾ നശിച്ചതും ടൂറിസ്റ്റുകളുടെ വരവിന് തടസമായി.

കഴിഞ്ഞവർഷം നടത്തിയ സർവേയിൽ രാജമല, മൂന്നാർ, മറയൂർ, മാങ്കുളം ഡിവിഷനുകളിൽ 1101 വരയാടുകളെ കണ്ടെത്തിയിരുന്നു. രാജമലയിൽ മാത്രം കുഞ്ഞുങ്ങളെ കൂടാതെ 710 ആടുകളെയും മീശപ്പുലിമലയിൽ 270 എണ്ണത്തെയും കണ്ടെത്തി. 2016ൽ നടത്തിയ ഓൾ കേരള സർവേയിൽ ആകെ 1400 വരയാടുകളെയാണ് കണ്ടെത്താനായത്. ഇതിൽ നല്ല വർദ്ധന ഉണ്ടായിട്ടുണ്ടെന്നാണ് വനം വകുപ്പ് അധികൃതരുടെ വിശദീകരണം. കൊവിഡ് ബാധയെ തുടർന്ന് അടച്ചിട്ടിരുന്ന ഉദ്യാനം തുറന്നപ്പോൾ സന്ദർശകർ കുറവായതിനെ തുടർന്ന്

പ്രവേശന ടിക്കറ്റ് നിരക്ക് 125ൽ നിന്ന് ഇരട്ടിയാക്കിയിരുന്നു.