
കോട്ടയം : കൊവിഡിന് ശേഷം പതിയെ ഉണർന്നു തുടങ്ങിയ ഹോട്ടൽ വിപണിയിൽ ഉയരുന്നത് ആശങ്കയുടെ തീ. ഒരു മാസം കൊണ്ട് 200 രൂപയ്‌ക്ക് മുകളിലാണ് വാണിജ്യ പാചക വാതക സിലിണ്ടറിന് വർദ്ധിച്ചിരിക്കുന്നത്.
കൊവിഡിന് ശേഷം തൊഴിലാളികളുടെ എണ്ണം കുറച്ചും സാധനങ്ങളുടെ ചെലവ് കുറച്ചുമാണ് ഹോട്ടലുകൾ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നത്. ഇതിനിടെയാണ് ഇരുട്ടടിയായി വിലക്കയറ്റം.
വെളിച്ചെണ്ണയ്‌ക്കും, മറ്റ് ഓയിലുകൾക്കും പത്തു ശതമാനം വില വർദ്ധനവുണ്ടായി. രണ്ടു മുതൽ പതിനഞ്ചു ശതമാനം വരെയാണ് പച്ചക്കറി വില വർദ്ധിച്ചിരിക്കുന്നത്. ജില്ലയിൽ ഇരുപതിലേറെ ഹോട്ടലുകളാണ് ഇതുവരെ അടച്ചു പൂട്ടിയത്. വാണിജ്യ സിലിണ്ടറിനും പലചരക്ക് പച്ചക്കറി തുടങ്ങിയ അവശ്യ വസ്തുക്കൾക്കും വില വർദ്ധിച്ചതിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ. ഫിലിപ്പ് കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ്, ജില്ലാ സെക്രട്ടറി എൻ.പ്രതീഷ് വർക്കിംഗ് പ്രസിഡന്റ് ആർ.സി നായർ, ജില്ലാ ട്രഷറർ പി.എസ് ശശിധരൻ, ഷാഹുൽ ഹമീദ്, അൻസാരി തുടങ്ങിയവർ പ്രസംഗിച്ചു
ഭീഷണിയായി വഴിയോര കച്ചവടം
ഹോട്ടലുകളുടെ വയറ്റത്തടിച്ച് അനധികൃത വഴിയോരക്കച്ചവടം തകൃതിയായി നടക്കുകയാണ്. ലൈസൻസും ഫീസും മറ്റ് വൻ ചാർജുകളും നൽകി ഹോട്ടലുകൾ പ്രവർത്തിക്കുമ്പോഴാണ് ഇവയൊന്നുമില്ലാതെ റോഡരികിൽ പടുതയും വലിച്ചു കെട്ടി അനധികൃത കച്ചവടക്കാർ പണം കൊയ്യുന്നത്.