
കോട്ടയം: സ്ത്രീ വേഷങ്ങളിലൂടെ ആറര പതിറ്റാണ്ടോളം കഥകളി അരങ്ങുകളെ വിസ്മയിപ്പിച്ച മാത്തൂരാശാൻ എന്ന മാത്തൂർ ഗോവിന്ദൻകുട്ടി (81)അന്തരിച്ചു. കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇളയ മകനും കഥകളി നടനുമായ കുടമാളൂർ അമ്പാടിയിൽ മുരളികൃഷ്ണന്റെ വീട്ടുവളപ്പിൽ സംസ്ഥാന ബഹുതികളോടെ സംസ്കാരം നടത്തി.
1940 ഒക്ടോബർ 5ന് നെടുമുടി ദാമോദരൻ നമ്പൂതിരിയുടെയും മാത്തൂർ കാർത്ത്യായനി കുഞ്ഞമ്മയുടെയും മകനായാണ് ജനനം. നാരായണ ഗോവിന്ദൻ കുഞ്ഞുപണിക്കർ എന്നാണ് യഥാർത്ഥ പേര്. മാത്തൂർ ഗോവിന്ദൻകുട്ടി എന്ന പേരിൽ പ്രശസ്തനായി. പ്രശസ്ത കഥകളി നടൻ കുടമാളൂർ കരുണാകരൻ നായരുടെ മകൾ പരേതയായ രാജേശ്വരിയെ വിവാഹം കഴിച്ചതോടെയാണ് കുടമാളൂർ അമ്പാടിയിലേക്കു താമസം മാറ്രിയത്. 1982ൽ ഏഷ്യാഡിലും ഇറ്റലി, ജർമനി, ഫ്രാൻസ്, ലണ്ടൻ എന്നീ വിദേശരാജ്യങ്ങളിലും കഥകളി അവതരിപ്പിച്ചിട്ടുണ്ട്. രണ്ടാഴ്ച മുൻപ് കൊല്ലത്തെ ക്ഷേത്രത്തിലായിരുന്നു അവസാന കളി. ഏതുവേഷവും വഴങ്ങിയിരുന്ന മാത്തൂരാശാന്റെ കർണ്ണശപഥത്തിലെ കുന്തി, നളചരിതത്തിലെ ദമയന്തി, ദുര്യോധന വധത്തിലെ പാഞ്ചാലി തുടങ്ങിയവ പ്രശസ്തമാണ്.
ഉണ്ണികൃഷ്ണനാണ് മറ്റൊരു മകൻ. മരുമക്കൾ: രാജലക്ഷ്മി, മഞ്ജുഷ മുരളീകൃഷ്ണൻ (അസി.മാനേജർ, ബാങ്ക് ഒഫ് ബറോഡ).