പാലാ: മേലുകാവ് പഞ്ചായത്തിലെ പരമാവധി മേഖലയിൽ കുടിവെള്ളം എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്ജ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് പഞ്ചായത്തിൽ അനുവദിച്ച കുടിവെള്ള പദ്ധതികളിൽ നിലവിൽ ടാങ്കുകളുടെ നിർമ്മാണം മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനു പകരമായി പുതിയ റിവൈസ്ഡ് എസ്റ്റിമേറ്റ് ഈ വർഷം തന്നെ തയാറാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഷോൺ പറഞ്ഞു. ലൈഫ് പദ്ധതിയുടെ മേലുകാവ് പഞ്ചായത്തുതല പ്രഖ്യാപനത്തിന്റെയും ഗുണഭോക്തൃസംഗമത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് ടി.ജെ. ബെഞ്ചമിൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ജെറ്റോ ജോസ്, അനൂപ്കുമാർ, ടി.സി ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന 20 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് പുറമേ 25 ലക്ഷം രൂപ കൂടിയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇലവീഴാപൂഞ്ചിറ മുതൽ പെരിങ്ങോലി, വടക്കൻമേട് പ്രദേശത്തെയും കാഞ്ഞിരംകവല, എള്ളുംപുറം പ്രദേശങ്ങളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഷോൺ ജോർജ്ജ് പറഞ്ഞു.