sathya

കോട്ടയം : 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 91 സീറ്റോടെ ഇടതുമുന്നണി ചരിത്രവിജയം നേടിയെങ്കിലും വികസനത്തിനൊപ്പം അവസാനനാളുകളിലുണ്ടായ വിവാദം സർക്കാരിനെ പ്രതിസന്ധിയിലാക്കി. നേമത്ത് ഒ.രാജഗോപാലിലൂടെ ബി.ജെ.പി കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്.യു.ഡി.എഫിന് 47 സീറ്റാണ് ലഭിച്ചത്. പൂഞ്ഞാറിൽ സ്വതന്ത്രനായി മത്സരിച്ച പി.സി.ജോർജ് മൂന്നു മുന്നണി സ്ഥാനാർത്ഥികളെയും തോൽപ്പിച്ച് മുപ്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തോടെ അട്ടിമറി ജയം നേടിയതും ശ്രദ്ധേയമായി.

മലമ്പുഴ മണ്ഡലത്തിൽ നിന്ന് വി.എസ്.അച്യുതാനന്ദൻ വീണ്ടും ജയിച്ചെങ്കിലും പിണറായി വിജയനാണ് മുഖ്യമന്ത്രിയായത്. വി.എസിന് ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റ് നേടി യു.ഡി.എഫ് അട്ടിമറിജയം നേടി. ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് എ.എം.ആരിഫ് മാത്രമാണ് ഇടതുപക്ഷത്തിനായി ജയിച്ചത്. നാല് എം.എൽ.എമാർ എം.പിമാരായതോടെ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോന്നി, വട്ടിയൂർകാവ് സീറ്റുകൾ എൽ.ഡി.എഫ്. പിടിച്ചെടുത്തു.അരൂർ യു.ഡി.എഫ് പിടിച്ചു. എറണാകുളവും എം.എൽഎയുടെ മരണത്തെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരവും യു.ഡി.എഫ് നിലനിറുത്തി.

നിരവധി വികസന പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഇടതുഭരണത്തിന് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ വിശ്വാസികൾക്കെതിരായ നിലപാട് സ്വീകരിച്ചതിനെതിരെ പ്രതിഷേധം ശക്തമായി. രണ്ടു സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ പൊലീസുകാർ കൂട്ടു നിന്നുവെന്ന പ്രചാരണം ക്രമസമാധാനപ്രശ്നമായി മാറി. ലോക‌്സഭ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതും ഇതാണ്.

ഉമ്മൻചാണ്ടി മന്ത്രി സഭസോളാർ വിവാദത്തിൽ കുടുങ്ങിയെങ്കിൽ പിണറായി മന്ത്രിസഭയെ സ്വർണക്കടത്ത് വിവാദം പിടിച്ചുലച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്തതും അറസ്റ്റു ചെയ്തതും കേരള രാഷ്ട്രീയം ഇളക്കി മറിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെയും ചോദ്യം ചെയ്തതോടെ രാജി ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. ഇതിനിടയിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഇടതുമുന്നണി തിളക്കമാർന്ന വിജയം നേടി.

പാലാരിവട്ടം പാലത്തിന്റെ പേരിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെയും തട്ടിപ്പിന്റെ പേരിൽ മുസ്ലിംലീഗ് എം.എൽ.എ കമറുദ്ദീനെയും അറസ്റ്റ് ചെയ്തതും, കെ.എം..ഷാജിയെ വിജിലൻസ് ചോദ്യം ചെയ്തതും പ്രതിപക്ഷത്തിന് ക്ഷീണമായി. 20121ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം കടക്കുമ്പോൾ സോളാർ കേസിൽ സർക്കാർ സി.ബി.ഐ അന്വേഷണവും പ്രഖ്യാപിച്ചിരിക്കുകയാണ്.