budjet

കോട്ടയം : പ്രതീക്ഷിച്ചത് തന്നില്ലെങ്കിൽ വേണ്ട, അതിന്റെ പകുതിയെങ്കിലും കിട്ടിയിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു. കേന്ദ്രബഡ്ജറ്റിനെക്കുറിച്ച് ശരാശരി കോട്ടയംകാരന്റെ മനസിപ്പോൾ ഇങ്ങനെയാണ്. പതിവ് പോലെ ജില്ലയെ കേന്ദ്രം അവഗണിച്ചു. മുൻവർഷത്തേക്കാൾ മൂന്ന് കോടി രൂപ റബർ ബോർഡിന് അധികമായി നൽകിയത് മാത്രമാണ് പറയാനുള്ള ഏക ഘടകം. റെയിൽവേ, ടൂറിസം മേഖലയ്ക്ക് നിരാശയുടേതാണ് ഈ ബഡ്ജറ്റ്. ബഡ്ജറ്റ് വിഹിതം കൊണ്ട് ദൈനംദിന കാര്യങ്ങൾ പോലും നിറവേറ്റാൻ ബുദ്ധിമുട്ടുന്ന റബർ ബോർഡിന് കഴിഞ്ഞ ബഡ്ജറ്റിൽ 221.31 കോടി രൂപ അനുവദിക്കുകയും കൊവി‌ഡ് പശ്ചാത്തലത്തിൽ അത് 187.69 കോടി രൂപയായി കുറയ്ക്കുകയും ചെയ്തിരുന്നു.

ഇതാണിപ്പോൾ 190.69 കോടിയായി ഉയർത്തിയത്. വർഷങ്ങളായി തുക കുറയ്ക്കുമോയെന്ന ആശങ്ക റബർ ബോർഡ് ജീവനക്കാർക്കുണ്ട്. കർഷകർക്ക് ബോർഡിൽ നിന്ന് ആനുകൂല്യങ്ങൾ പലതും ഇതോടെ ലഭ്യമാകാതെ വരും. തിരഞ്ഞെടുപ്പ് സാഹചര്യത്തിലെങ്കിലും റബർ കർഷകർക്ക് ഗുണകരമാകുന്ന പ്രഖ്യാപനം മുൻ വാണിജ്യ മന്ത്രി കൂടിയായ നിർമല സീതാരാമനിൽ നിന്ന് കർഷകർ പ്രതീക്ഷിച്ചിരുന്നു. റബർ നയം ഉണ്ടാകില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ പ്രത്യേക പാക്കേജ് എങ്കിലും കർഷകരുടെ പ്രതീക്ഷാ ലിസ്റ്റിലുണ്ടായിരുന്നു.

ടൂറിസം മേഖലയെ കൈയൊഴിഞ്ഞു

വിനോദസഞ്ചാര വികസന രംഗത്തും കേന്ദ്രത്തിന്റെ കൈത്താങ്ങ് പ്രതീക്ഷിച്ചിരുന്നു. കുമരകത്തിനുൾപ്പെടെ പ്രത്യേക പാക്കേജും വർഷങ്ങളായുള്ള ജില്ലയുടെ സ്വപ്നമാണ്. മുമ്പ് അൽഫോൻസ് കണ്ണന്താനം മന്ത്രിയായിരുന്നപ്പോൾ പ്രഖ്യാപിച്ച നൂറുകോടിയുടെ പദ്ധതിയും പാഴായി. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് പുനരുജ്ജീവിപ്പിച്ച ശബരി റെയിൽപാതയ്ക്കായി തുക നീക്കിവച്ചിട്ടില്ല. ജില്ലയ്ക്ക് കൂടുതൽ ട്രെയിനും സ്റ്റോപ്പുകളും റെയിൽവേ സ്റ്റേഷൻ നവീകരണമടക്കമുള്ള പ്രതീക്ഷകളും പഴയചാക്കിലായി.