അപകടമൊഴിയാതെ കൂത്താട്ടുകുളം-രാമപുരം-പാലാ റോഡ്


പാലാ: ചീറിപ്പായുന്ന വാഹനങ്ങൾ, ദുരന്തസാധ്യത വർദ്ധിപ്പിച്ച് അശ്രദ്ധയും. കൂത്താട്ടുകുളം-രാമപുരം-പാലാ റോഡ് കുരുതിക്കളമാകാൻ മറ്റ് കാരണങ്ങളൊന്നും വേണ്ട. ഞായറാഴ്ച അമനകരയിൽ കാറുകൾ കൂട്ടിയിടിച്ച് എം.ജി യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥൻ മരിച്ചതാണ് അപകടങ്ങളിൽ ഒടുവിലത്തത്. മിനുസമേറിയ റോഡിൽ ചീറിപ്പായുകയാണ് വാഹനങ്ങൾ. പൊലീസിന്റെയോ മോട്ടോർ വാഹനവകുപ്പ് അധികൃതരുടെയോ സാന്നിദ്ധ്യം വഴികളിൽ പലപ്പോഴും ഉണ്ടാകാറില്ല.കൂത്താട്ടുകുളം മംഗലത്താഴം, താമരക്കാട് വളവുകൾ, അമനകര, പള്ളിയാമ്പുറം, വെള്ളിലാപ്പിള്ളി, ചക്കാമ്പുഴ, ചിറ്റാർ എന്നിവിടങ്ങളാണ് അപകടസാധ്യതാമേഖലകൾ. കഴിഞ്ഞ ആറുമാസത്തിനിടെ ഈ റൂട്ടിൽ ചെറുതും വലുതുമായ 23 അപകടങ്ങളാണുണ്ടായത്. മൂന്നുപേരുടെ ജീവൻ നഷ്ടപ്പെട്ടു. മുപ്പതോളം പേർക്ക് പരിക്കേറ്റു. എന്നിട്ടും കർശന നടപടികളുമായി രംഗത്തിറങ്ങാൻ അധികാരികൾ തയാറായിട്ടില്ല എന്നാണ് ആക്ഷേപം. കോടികൾ മുടക്കി അടുത്തകാലത്താണ് റോഡ് നവീകരിച്ചത്. ഏഴാച്ചേരിയിലേക്ക് വഴിതിരിയുന്ന വെള്ളിലാപ്പിള്ളി ജംഗ്ഷൻ പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇവിടെ രണ്ടുവഴിയിലും അപകട സൂചക ബോർഡുകൾ സ്ഥാപിച്ചിട്ടില്ല.
രാമപുരം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് രാമപുരം നഗരത്തിൽ അടുത്തിടെ 11 സി.സി. ടി.വി കാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ അമിതവേഗതയിൽ പായുന്ന വാഹനങ്ങൾക്കെതിരെ നടപടിയൊന്നും സ്വീകരിക്കാൻ പൊലീസിന് ഇതേവരെ കഴിഞ്ഞിട്ടില്ല എന്നാണ് ആക്ഷേപം.

നടപടി സ്വീകരിക്കും

കൂത്താട്ടുകുളം-രാമപുരം റൂട്ടിലെ വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും തടയാൻ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്ന് രാമപുരം എസ്.ഐ ഡിനി അറിയിച്ചു. നിലവിൽ പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ട്. ഇതോടൊപ്പം കൂടുതൽ പരിശോധനകളും ഉണ്ടാകുമെന്ന് എസ്.ഐ പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ്
രാമപുരം കൂത്താട്ടുകുളം റൂട്ടിൽ കഴിഞ്ഞ ദിവസം എം.ജി യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥന്റെ മരണത്തിനിടയാക്കിയ വാഹനാപകടം.