കർശന നടപടിയുമായി ജില്ലാ വികസന സമിതി
കോട്ടയം: അപകടങ്ങളിൽ വില്ലനായ റോഡ് കൈയേറ്റം ഒഴിപ്പിക്കാൻ കർശന നടപടിയുമായി ജില്ലാ വികസന സമിതി. മോട്ടോർ വാഹനവകുപ്പും പൊലീസും സംയുക്തമായി പരിശോധന നടത്തി കൈയേറ്റം ഒഴിപ്പിക്കുന്നതിനാണ് തീരുമാനമായിരിക്കുന്നത്. കാൽനടയാത്ര തടസപ്പെടുത്തുകയും റോഡപകടങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്ന രീതിയിലുള്ള കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. ജില്ലയിൽ പല സ്ഥലങ്ങളിലും കൈയേറ്റമുണ്ടെന്ന് തോമസ് ചാഴികാടൻ എം.പിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ എം. അഞ്ജന, ആർ.ടി.ഒ(എൻഫോഴ്‌സ്‌മെന്റ്) ടോജോ എം. തോമസ്, പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ പി. ശ്രീലേഖ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. വിനോദ് പിള്ള, നഗരസഭാ ചെയർ പേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ വിദ്യാധരൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. ഷൈല തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
തീരുമാനങ്ങൾ ഇങ്ങനെ
കടകളും ബോർഡുകളും ഉൾപ്പെടെയുള്ള എല്ലാ കൈയേറ്റങ്ങളും അടിയന്തരമായി ഒഴിപ്പിക്കും. ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം.വാഹനയാത്രികരുടെ കാഴ്ച്ച മറയ്ക്കുന്ന രീതിയിലുള്ള യാതൊന്നും റോഡുകൾക്ക് സമീപം ഉണ്ടാകരുത്. കൈയേറ്റത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനും നടപടികൾക്ക് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റെ വിഭാഗത്തെയും പൊതുമരാമത്ത് വകുപ്പിനെയും ദേശീയപാതാ വിഭാഗത്തെയും ചുമതലപ്പെടുത്തി.
കുഴിയടയ്ക്കാനും നടപടി
മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റോഡുകളിലെ കുഴികൾ അടയ്ക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നടത്തിവരുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് യോഗം നിർദേശിച്ചു. റോഡിലെ വളവുകൾക്കു സമീപം കാട് വളർന്നു നിൽക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യം കണക്കിലെടുത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാട് വെട്ടിത്തെളിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തി. എം.സി റോഡിലും പൊൻകുന്നം-പാലാ-തൊടുപുഴ റോഡിലും പ്രവർത്തനക്ഷമമല്ലാത്ത സ്ട്രീറ്റ് ലൈറ്റുകൾ അടിയന്തരമായി നന്നാക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം. എല്ലാ കേന്ദ്രങ്ങളിലും ബസുകൾ ബസ് സ്റ്റോപ്പുകളിൽ നിർത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ജില്ലയിലെ സ്‌കൂൾ അദ്ധ്യാപർക്കായി ഓാൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കണമെന്നും യോഗം നിർദേശിച്ചു.