കോട്ടയം: മദ്യലഹരിയിലെത്തിയ രണ്ടംഗ അക്രമിസംഘം ഏറ്റുമാനൂരിൽ ഹോട്ടൽ അടിച്ചു തകർത്തു. ഏറ്റുമാനൂർ ടൗണിൽ പ്രവർത്തിക്കുന്ന താരാ ഹോട്ടലാണ് അക്രമി സംഘം അടിച്ചു തകർത്തത്. ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഹോട്ടലിൽ എത്തിയ സംഘം ആദ്യം ഭക്ഷണം ആവശ്യപ്പെട്ടു. ഭക്ഷണമില്ലെന്ന് ഹോട്ടലുടമ അറിയിച്ചതോടെ സംഘം സ്ഥലത്ത് നിന്ന് മടങ്ങി. എന്നാൽ
അൽപസമയത്തിനു ശേഷം തിരികെയെത്തി രണ്ടംഗസംഘം അക്രമം നടത്തുകയായിരുന്നു.
സംഭവസമയം കടയുടമ താര രാജുവും ജീവനക്കാരും മാത്രമാണ് കടയിലുണ്ടായിരുന്നത്. കട അടിച്ചു തകർക്കുകയും ഹോട്ടലുടമയേയും ജീവനക്കാരെയും മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം ഇവിടെ മേശയിൽ സൂക്ഷിച്ചിരുന്ന പണവും അക്രമിസംഘം കവർന്നു. തടയാൻ ശ്രമിച്ച ജീവനക്കാരെ മർദ്ദനമേറ്റു. ജീവനക്കാരന് സംഭവത്തിൽ പരിക്കുണ്ട്. ഹോട്ടലിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ അക്രമിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഏറ്റുമാനൂർ എസ്.ഐ മനു വി.നായർ അറിയിച്ചു. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ചു ഏറ്റുമാനൂരിൽ ഇന്നു ഉച്ചയ്ക്കു രണ്ടു മുതൽ മൂന്നു വരെ കടകൾ അടച്ചിടും.