
കോട്ടയം : മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കൃഷി, മണ്ണ്- ജല സംരക്ഷണം, റോഡ് നിർമ്മാണം എന്നിവയ്ക്കായി ജില്ലയിൽ ഈ വർഷം 10 കോടി രൂപയുടെ കയർ ഭൂവസ്ത്രം വിരിക്കും. ഇതു സംബന്ധിച്ച ധാരണാ പത്രം ഒപ്പുവക്കുന്നതിന് വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ പള്ളം, പാമ്പാടി ബ്ലോക്ക് പഞ്ചായത്തുകളിൽപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെ യോഗവും സെമിനാറും മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഇന്ന് നടക്കും
രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പരിപാടി ഉദ്ഘാടനം ചെയ്യും. ഗ്രാമ വികസന കമ്മിഷണറും കയർ വികസന ഡയറക്ടറുമായ വി.ആർ. വിനോദ് അദ്ധ്യക്ഷത വഹിക്കും. കയർ വികസന അഡീഷനൽ ഡയറക്ടർ കെ.എസ്. പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തും. പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, ഫോം മാറ്റിംഗ്സ് (ഇന്ത്യ) ലിമിറ്റഡ് ചെയർമാൻ അഡ്വ. കെ.ആർ ഭഗീരഥൻ എന്നിവർ സംസാരിക്കും. തൊഴിലുറപ്പ് പദ്ധതി ജോയിൻ്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.എസ്. ഷിനോ, ഫോമിൽ പ്രോജക്ട് കോ- ഓർഡിനേറ്റർ എ.ജി മോഹനൻ എന്നിവർ സെമിനാർ നയിക്കും. വൈക്കം കയർ പ്രോജക്ട് ഓഫീസർ എസ്. സുധാ വർമ്മ സ്വാഗതവും അസി.രജിസ്ട്രാർ സി. ഗോപകുമാർ നന്ദിയും പറയും.