ഈരാറ്റുപേട്ട: വാഹനയാത്രക്കാർക്ക് ഭീഷണിയായി കൊടുംവളവിൽ റോഡിലേക്കിറങ്ങിനിൽക്കുന്ന വൈദ്യുപോസ്റ്റ്. ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ഈരാറ്റുപേട്ട-പൂഞ്ഞാർ റോഡിലെ മറ്റയ്ക്കാട് കൊടുംവളവിലാണ് വൈദ്യുതി പോസ്റ്റ് വില്ലനായി മാറുന്നത്. കാൽ നൂറ്റാണ്ടിന് മുമ്പാണ് ഇവിടെ വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചത്. രണ്ട് വർഷം മുമ്പ് ഈരാറ്റുപേട്ട എം.ഇ.എസ് ഭാഗം മുതൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പടിവരെ അന്താരാഷ്ടനിലവാരത്തിൽ വീതികൂട്ടി റോഡ് ടാറിംഗ് നടത്തിയിരുന്നു. ഇതോടെ ടാറിംഗിന് തൊട്ടരികിലായി വൈദ്യുതി പോസ്റ്റ്. കൊടുവളവായതിനാൽ തൊട്ടടുത്ത് എത്തിയശേഷമേ പോസ്റ്റ് ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടൂ..സമീപകാലത്ത് പോസ്റ്റിന് ചുറ്റും അധികൃതർ കോൺക്രീറ്റിംഗ് നടത്തിയിരുന്നു. ഇതും അപകടസാധ്യത വർദ്ധിപ്പിക്കുകയാണ്.