കട്ടപ്പന: മൂന്നു പതിറ്റാണ്ടിലധികം പഴക്കമുള്ള കട്ടപ്പന ഇരുപതേക്കർ പാലത്തിന്റെ കൈവരികളുടെ നിർമാണം തുടങ്ങി. 4 ലക്ഷം രൂപ ചെലവഴിച്ച് പി.ഡബ്ല്യു.ഡിയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. കട്ടപ്പനയാറിനു മുകളിൽ കട്ടപ്പനകുട്ടിക്കാനം സംസ്ഥാന പാത കടന്നപോകുന്ന പാലത്തിന്റെ കൈവരികൾ തകർന്നിട്ട് വർഷങ്ങളായി. വാഹനങ്ങൾ ഇടിച്ചും കാലപ്പഴക്കം മൂലവുമാണ് ഇരുവശങ്ങളിലുമുള്ള കൈവരികൾ തകർന്നത്. വീതി കുറഞ്ഞ പാലത്തിലൂടെ ഇരുവശങ്ങളിൽ നിന്നും വാഹനങ്ങൾ വരമ്പോൾ കാൽനടയാത്രികർക്ക് കടന്നപോകാനാകാത്ത സ്ഥിതിയായിരുന്നു.
പൊട്ടിപ്പൊളിഞ്ഞവ പൊളിച്ചുനീക്കുന്ന ജോലികളാണ് ഇപ്പോൾ പരോഗമിക്കുന്നത്. തുടർന്ന് ഒരടി ഉയരത്തിൽ പുതിയ കൈവരികൾ നിർമിക്കും. ഹൈറേഞ്ചിലെ ഏറ്റവും തിരക്കേറിയ കട്ടപ്പനകുട്ടിക്കാനം സംസ്ഥാനപാതയിലെ പാലം പുനർ നിർമിക്കുമെന്ന് മുമ്പ് പ്രഖ്യാപനങ്ങളുണ്ടായെങ്കിലും നടപടിയായില്ല.
വീതി കുറഞ്ഞ പാലത്തിൽ അപകടങ്ങൾ തുടർക്കഥയാണ്. മാസങ്ങൾക്ക് മുമ്പ് ജീപ്പ് ഇടിച്ച് കൈവരികളുടെ ഒരുഭാഗം പൂർണമായി തകർന്നിരുന്നു. സദാസമയം വാഹനങ്ങൾ കടന്നപോകുന്നതിനാൽ കൈവരികളില്ലാത്തത് കാൽനടയാത്രക്കാർക്ക് ദുരിതമായിരുന്നു. ഇപ്പോൾ നടക്കുന്ന അറ്റകുറ്റപ്പണി 20 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് പി.ഡബ്ല്യു.ഡി. ലക്ഷ്യമിടുന്നത്.