electricity

കോട്ടയം: ഒരു വർഷം മുമ്പ് തകരാറിലായ ഇടുക്കി മൂലമറ്റം പവർഹൗസിലെ രണ്ടാം നമ്പർ ജനറേറ്റർ പ്രവർത്തന സജ്ജമായി. ഇതോടെ ജലവൈദ്യുത നിലയത്തിലെ ആറു ജനറേറ്ററുകളും പ്രവർത്തിച്ചു തുടങ്ങി. വൈദ്യുത വകുപ്പ് പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുകയാണിപ്പോൾ. കഴിഞ്ഞവർഷം ജനുവരി 20നാണ് രണ്ടാം നമ്പർ ജനറേറ്റർ പൊട്ടിത്തെറിച്ച് പ്രവർത്തനരഹിതമായത്. ഇതോടെ വൈദ്യുതി ഉത്പാദനം പാടെ കുറഞ്ഞിരുന്നു. എല്ലാ ജനറേറ്ററുകളും പ്രവർത്തിച്ചതോടെ വൈദ്യുതി ഉല്പാദനം കൂട്ടി. ഇന്നലെ 12.026 മില്യൺ യൂണിറ്റ് വൈദ്യുതിയാണ് ഉല്പാദിപ്പിച്ചത്.

ഇടുക്കി ഡാമിൽ ആവശ്യത്തിന് വെള്ളമുണ്ടെന്ന് വൈദ്യുത വകുപ്പ് വ്യക്തമാക്കി. സംഭരണശേഷിയുടെ 75 ശതമാനം വെള്ളം ഇപ്പോൾ ഡാമിലുണ്ട്. 2381അടിയാണ് ഇന്നലെ ഡാമിലെ ജലനിരപ്പ്. 10 വ‌ർഷത്തിനിടെ ജനുവരിയിലെ ഏറ്റവും ഉയർന്ന ജലശേഖരമാണ് ഡാമിലുള്ളത്.

പൊട്ടിത്തെറിച്ച രണ്ടാം നമ്പർ ജനറേറ്ററിന്റെ പാർട്ടുകൾ ഫ്രാൻസിൽ നിന്നും ഇറക്കുമതി ചെയ്യേണ്ടതായി വന്നതിനാലാണ് അറ്റകുറ്റപ്പണികൾ താമസിക്കാൻ ഇടയാക്കിയത്. ഒൻപതു മാസം കഴിഞ്ഞാണ് ജനറേറ്ററിന്റെ ചില ഭാഗങ്ങൾ മൂലമറ്റത്ത് എത്തിക്കാൻ കഴിഞ്ഞത്. എന്നാൽ കൊവിഡ് പടർന്നതോടെ ജീവനക്കാരുടെ ക്ഷാമം അനുഭവപ്പെട്ടു. ഇതോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ വീണ്ടും സമയമെടുത്തു. അറ്റകുറ്റപണികൾ പൂ‌ർത്തിയാക്കിയപ്പോൾ ജനറേറ്ററിന്റെ ഇൻസുലേഷനിൽ വീണ്ടും തകരാർ ഉണ്ടായി. തുടർന്ന് അത് പരിഹരിച്ച് ജനറേറ്റർ പരീക്ഷണ ഓട്ടം നടത്തി. മുഴുവൻ തകരാറുകളും പരിഹരിച്ചാണ് ഇപ്പോൾ രണ്ടാം നമ്പർ ജനറേറ്റർ പ്രവർത്തിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. .

നേരത്തെ ഒന്നോ രണ്ടോ ജനറേറ്ററുകൾ മിക്കസമയത്തും പ്രവർത്തിച്ചിരുന്നില്ല. അല്ലറചില്ലറ കേടുപാടുകളെ തുടർന്നാണ് ഇങ്ങനെ ജനറേറ്ററുകൾ നിർത്തിയിടുന്നത്. എന്നാൽ ഇപ്പോൾ എല്ലാ ജനറേറ്ററുകളും പ്രവർത്തിക്കുന്നത് വൈദ്യുതി ഉത്പാദനം കൂടാൻ കാരണമായി.

വൈദ്യുതി ഉത്പാദനം വ‌ർദ്ധിച്ചതോടെ മലങ്കര ഡാമിൽ ജലനിരപ്പ് ഉയർന്നു. തിങ്കളാഴ്ച വൈകിട്ട് മുതൽ മലങ്കര ഡാമിന്റെ അഞ്ച് ഷർട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തി തൊടുപുഴ ആറിലേക്ക് തുറന്നുവിട്ടു. ഇതോടെ തൊടുപുഴയാർ, മൂവാറ്റുപുഴയാർ എന്നിവിടങ്ങൾ ക്രമാതീതമായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കൂടാതെ ആറുകളിൽ ശക്തമായ ഒഴുക്കുമുണ്ട്. നിലവിൽ മലങ്കര ഡാമിലെ ജലനിരപ്പ് 41.99 മീറ്ററാണ്. 42 മീറ്ററാണ് മലങ്കര ഡാമിലെ പരമാവധി സംഭരണശേഷി.