pinaryi

കോട്ടയം : 15-ാം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം കടക്കുമ്പോൾ ഇടതുമുന്നണിയ്ക്ക് തുടർഭരണം കിട്ടുമോ അതോ യു.ഡി.എഫ് അധികാരത്തിലെത്തുമോ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. കേരള സംസ്ഥാനം രൂപീകരിച്ച ശേഷം 1957 മുതൽ നടന്ന 14 നിയമസഭാ തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ അടിയന്തിരാവസ്ഥയ്ക്ക് ശേഷം 1977ൽ മാത്രമാണ് കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന് തുടർ ഭരണം ലഭിച്ചത്. അഞ്ചു വർഷ കാലവധി പൂർത്തിയാക്കിയ സർക്കാരുകളുടെ എണ്ണവും കുറവായിരുന്നു. ഈ സാഹചര്യത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ച മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ ബലത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസർക്കാർ വീണ്ടും അധികാരത്തിലെത്തുമോ എന്ന ചോദ്യം പ്രക്തമാകുന്നത്.

2016 ൽ 91 സീറ്റോടെ ഇടതു മുന്നണി വൻ വിജയം നേടിയെടുത്തെങ്കിൽ 2019ലെ ലോക‌്സഭ തിരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റ് നേടിയ യു.ഡി.എഫിന് നൂറിലേറെ നിയമസഭാ മണ്ഡലങ്ങളിലായിരുന്നു ഭൂരിപക്ഷം. 2020 ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നൂറിലേറെ നിയമസഭാ സീറ്റുകളിൽ ഇടതുമുന്നണിയ്ക്ക് ഭൂരിപക്ഷം ലഭിച്ചു. വോട്ടർമാരുടെ മനോഭാവത്തിലെ ഈ സ്ഥിരതയില്ലായ്മയാണ് ഏപ്രിലിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഏതു മുന്നണിയെ തുണയ്ക്കുമെന്ന് ഇപ്പോൾ പ്രവചനാതീതമാക്കുന്നത്.

രാഷ്ട്രീയ വോട്ടുകൾക്കപ്പുറം കേരളത്തിൽ ഏറെ സ്വാധീനം ചെലുത്തുന്നത് ജാതീയമായ ഘടകങ്ങളാണ്. തദ്ദേശതിരഞ്ഞെടുപ്പിൽ വെൽഫയർപാർട്ടിയുമായുള്ള ബന്ധമാണ് യു.ഡി.എഫിന് ദോഷമായത്. ഹിന്ദു ഭൂരിപക്ഷ വോട്ടുകൾ നഷ്ടമായതിനൊപ്പം സഭാ കേസുമായി ബന്ധപ്പെട്ട പള്ളിതർക്കത്തിൽ യാക്കോബായ വിഭാഗവും യു.ഡി.എഫിനെ കൈ വെടിഞ്ഞു. ഇത് മനസിലാക്കി ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കുന്നതിന് സഭാ ആസ്ഥാനങ്ങൾ കയറിയിറങ്ങുകയാണ് യു.ഡി.എഫ് നേതാക്കൾ. ശബരിമല വിഷയം ഉയർത്തി ഹിന്ദു വോട്ടുകളും പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. സഭാ തർക്കത്തിൽ പ്രധാനമന്ത്രിയുടെ കൂടി സഹായം തേടി ക്രിസ്ത്യൻ വോട്ടുബാങ്കിൽ കടന്നു കൂടാനാണ് ബി.ജെ.പി ശ്രമം. ജോസ് വിഭാഗം മുന്നണിയിലെത്തിയത് വഴി മദ്ധ്യ കേരളത്തിൽ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയാണ് ഇടതിന്.