snake

ജില്ലയിൽ പരിശീലനം നേടിയത് ഉദ്യോഗസ്ഥരടക്കം 34 പേർ

കോട്ടയം : ജില്ലയിൽ പാമ്പ് പിടിക്കാൻ ഉദ്യോഗസ്ഥരടക്കം വനംവകുപ്പിന്റെ ലൈസൻസ് നേടിയത് 34 പേർ. 19 വനംവകുപ്പ് ഉദ്യോഗസ്ഥരും, 15 വോളണ്ടിയർമാരുമാണ് ലൈസൻസ് നേടിയത്. ഇനി മുതൽ ഇവർക്ക് മാത്രമേ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന പാമ്പുകളെ പിടികൂടാൻ അനുമതിയുള്ളുൂ. പാമ്പുകളുടെ വർഗീകരണം, ആവാസ വ്യവസ്ഥ, ആഹാര രീതികൾ, തിരിച്ചറിയുന്ന വിധം, സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടുന്ന വിധം, കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ശാസ്ത്രീയ പരിശീലനം വിജയകരമായി പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയവരാണിവരെല്ലാം. സർട്ടിഫിക്കറ്റും സുരക്ഷാ ഉപകരണങ്ങളും അടങ്ങിയ കിറ്റുകളും നൽകിയിട്ടുണ്ട്. 5 വർഷമാണ് സർട്ടിഫിക്കറ്റ് കാലാവധി. സർട്ടിഫിക്കറ്റില്ലാതെ പാമ്പ് പിടിച്ചാൽ 3 വർഷം വരെ തടവുശിക്ഷ ലഭിക്കാം.

പാമ്പിനെ ആപ്പിലാക്കാം

വീട്ടിലോ ഓഫീസ് പരിസരങ്ങളിലോ വിഷപ്പാമ്പുകളെത്തിയാൽ അംഗീകൃത പാമ്പുപിടിത്തക്കാരെ വിവരമറിയിക്കാനും പാമ്പിനെ പ്രദേശത്ത് നിന്നു മാറ്റാനും സർപ്പ (snake awareness rescue protection application) എന്ന പേരിൽ വനംവകുപ്പ് തയ്യാറാക്കിയ ആപ്പ് പ്ളേ സ്റ്റോറിൽനിന്ന് ഡൗൺഡോഡ് ചെയ്യാം. പാമ്പിനെ കണ്ടാൽ പാമ്പിന്റെയോ മാളത്തിന്റെയോ ചിത്രങ്ങളെടുത്ത് ആപ്പിൽ അപ്‌ലോഡ് ചെയ്താൽ 25 കിലോമീറ്റർ ചുറ്റളവിൽ പാമ്പുപിടിത്തത്തിന് സർട്ടിഫിക്കറ്റ് ലഭിച്ച റെസ്‌ക്യൂ ടീം സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കും. പാമ്പുകടിയേറ്റവർക്കുള്ള ചികിത്സ ലഭ്യമായ ആശുപത്രികളുടെ വിവരങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എല്ലാം ശാസ്ത്രീയം

ബാഗ് ആൻഡ് പൈപ്പ് എന്ന ശാസ്ത്രീയ രീതിയിലാണ് പാമ്പുകളെ പിടികൂടുക. ആളുകളുടെ മുന്നിൽ പാമ്പുപെട്ടാൽ അതു ആദ്യം രക്ഷപ്പെടാനായി മാളങ്ങൾ തിരയും. പാമ്പിനെ കണ്ട സ്ഥലത്തു പൈപ്പും ബാഗും സ്ഥാപിച്ചാൽ മാളമെന്ന് കരുതി പൈപ്പിലൂടെ കയറുന്ന പാമ്പ് ബാഗിലെത്തും.കൈ കൊണ്ടു തൊടാതെ പാമ്പിനെ സഞ്ചിയിലാക്കാം. ഇതാണ് ബാഗ് ആൻഡ് പൈപ്പ് രീതി. പിടിയിലാകുന്ന പാമ്പിനെ പിന്നീട് സുരക്ഷിതമായ സ്ഥലത്തു തുറന്നു വിടും.

'' ചൂട് കൂടിയതോടെ റെസ്ക്യൂ ടീും സജീവമാണ്. ജീവന് ഭീഷണിയാവുന്ന സാഹചര്യത്തിൽ മാത്രമേ പാമ്പുകളെ പിടികൂടാവൂ. വിഷരഹിതരായ പാമ്പുകളെ പിടികൂടുന്നത് കഴിവതും ഒഴിവാക്കാനും നിർദേശമുണ്ട്''

ഡോ. ജി പ്രസാദ്,​ അസി.ഫോറസ്റ്റ് കൺസർവേറ്റർ,​ കോട്ടയം സോഷ്യൽ ഫോറസ്റ്ററി