election-

കോട്ടയം : തിരഞ്ഞെടുപ്പ് വരവറിയിച്ചതോടെ ജില്ല ഇനി യാത്രകൾക്കൊണ്ട് മുഖരിതമാകും. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വിവിധ പാർട്ടികളും നേതാക്കളും വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയുള്ള പതിവ് യാത്രകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും സംസ്ഥാന ജാഥകൾ അടുത്ത ആഴ്ച ജില്ലയിലെത്തും. പാർട്ടികളുടെ വർഗബഹുജന സംഘടനകളുടെയും സർവീസ് സംഘടനകളുടെയും നേതൃത്വത്തിൽ ജില്ല കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചരണ ജാഥകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഐശ്വര്യ കേരള യാത്ര 14നും 15നും
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര 14, 15 തീയതികളിലാണ് ജില്ലയിൽ പര്യടനം. ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കി 14 ന് രാവിലെ 9 ന് ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിൽ യു.ഡി.എഫ് ജില്ലാ നേതാക്കൾ ചേർന്ന് ജാഥയെ സ്വീകരിക്കും. 10 ന് കേരള കോൺഗ്രസ് എമ്മിന്റെ തട്ടകമായ പാലായിലാണ് ആദ്യ സ്വീകരണം. 11 ന് ഈരാറ്റുപേട്ടയിലെ സ്വീകരണത്തിന് ശേഷം കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പൊൻകുന്നത്താണ് സ്വീകരണം. വൈകിട്ട് നാലിന് ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലെ പാമ്പാടിയിൽ സ്വീകരണം നൽകും. അഞ്ചിന് ചങ്ങനാശേരിയിൽ സ്വീകരണം. വൈകിട്ട് ആറിന് കോട്ടയത്തെ സ്വീകരണത്തോടെ ജില്ലയിലെ ആദ്യദിന പര്യടനം സമാപിക്കും. 15 ന് രാവിലെ പൗരപ്രമുഖരുമായും മാദ്ധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം രാവിലെ 10 ന് ഏറ്റുമാനൂരിലാണ് ആദ്യസ്വീകരണം. 11 ന് കടുത്തുരുത്തിയിൽ ജാഥയെ സ്വീകരിക്കും. 12 ന് വൈക്കം ബോട്ടുജെട്ടി മൈതാനിയിൽ നടക്കുന്ന സ്വീകരണത്തോടെ ജില്ലയിലെ പര്യടനം പൂർത്തിയാകും. തുടർന്ന് ജങ്കാർ കടന്ന് അരൂരിലേക്ക് പോകും.

എൽ.ഡി.എഫ് വികസനജാഥ 19 നും 20നും
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി എൽ.ഡി.എഫ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന വികസന ജാഥകളിലൊന്നായ തെക്കൻ മേഖല ജാഥ 19 നും 20 നും ജില്ലയിൽ പര്യടനം നടത്തും. സി.പി.ഐ ദേശീയ സെക്രട്ടേറിയേറ്റംഗം ബിനോയി വിശ്വൻ ക്യാപ്റ്റനായുള്ള ജാഥ 14ന് എറണാകുളത്തു നിന്നുമാണ് പര്യടനം ആരംഭിക്കുന്നത്. എറണാകുളം, ഇടുക്കി ജില്ലയിലെ പര്യടനത്തിന് ശേഷമാണ് ജാഥ ജില്ലയിലെത്തുന്നത്. ജില്ലയിലെ ഒമ്പത് നിയമസഭ മണ്ഡലങ്ങളിലും ഒരു കേന്ദ്രത്തിൽ ജാഥയ്ക്കു സ്വീകരണം നൽകും.

 കേരളയാത്രയും ഉടൻ
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന കേരളയാത്രയും ഈ മാസം അവസാനവാരം ജില്ലയിലെത്തും. കാസർകോട് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന ജാഥ ജില്ലയിൽ രണ്ടു ദിവസം പര്യടനം നടത്തും.