കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റായിരുന്ന പി.ജി രാധാകൃഷ്ണന്റെ 23 -ാം ചരമവാർഷിക ദിനമായ 16ന് വിതരണം ചെയ്യുന്ന വിദ്യാഭ്യാസ അവാർഡുകൾക്കും, സ്‌കോളർഷിപ്പുകൾക്കും അപേക്ഷ ക്ഷണിച്ചു. കോട്ടയം യൂണിയനതിർത്തിയിലെ ശാഖാംഗങ്ങളുടെ മക്കളിൽ ഡിഗ്രി, പി.ജി, എൻജിനീയറിംഗ്, എം.ബി.ബി.എസ്, എൽ.എൽ.ബി, ബി.എസ്.സി നേഴ്‌സിംഗ് തുടങ്ങി പ്രൊഫഷണൽ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കുന്നവർക്കാണ് അവാർഡ്. ഈ കോഴ്‌സുകൾക്ക് ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്കാണ് വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് അർഹത ഉണ്ടായിരിക്കുക. മെറിറ്റിൽ പ്രവേശനം ലഭിച്ച കുട്ടികൾ മാത്രം ഈ വിഭാഗത്തിൽ അപേക്ഷിച്ചാൽ മതിയാകും. മുൻ വർഷങ്ങളിൽ സ്‌കോളർഷിപ്പ് ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. 2020ൽ സംസ്ഥാന സിലബസിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് കരസ്ഥമാക്കിയ എസ്.എസ്.എൽ.സി - പ്ലസ്ടൂ വിദ്യാർത്ഥികൾക്കും, സി.ബി.എസ്.ഇ സിലബസിൽ ഓരോ വിഷയങ്ങൾക്കും 90 ശതമാനത്തിൽ കുറയാത്ത മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്കും അവാർഡ് നൽകും. അർഹതയുള്ളവർ ശാഖാ മുഖേന നിശ്ചിത ഫോറത്തിൽ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതം അപേക്ഷകൾ 7ന് മുൻപായി യൂണിയൻ ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി ആർ.രാജീവ് അറിയിച്ചു.