
കോട്ടയം : വനിതാ കളക്ടർ, വനിതാ ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് ഇപ്പോൾ ആദ്യമായി വനിതാ പൊലീസ് മേധാവിയും. മിക്ക വകുപ്പുകളുടെയും തലപ്പത്തെ വനിതകൾ കൂടി ചേരുമ്പോൾ ജില്ലയുടെ ഭരണം വനിതകളുടെ കൈകളിലെത്തി. ഒന്നൊഴികെ എല്ലാ നഗരസഭകളും പകുതിയിലേറെ പഞ്ചായത്തുകളും ഭരിക്കുന്നതും വനിതകളാണ്. കാസർകോട് നിന്ന് ഡി.ശില്പ ജില്ലാ പൊലീസ് മേധാവിയായി വരുന്നതോടെ ജില്ല കൂടുതൽ സ്ത്രീ സൗഹൃദമാകുന്നുമെന്നാണ് പ്രതീക്ഷ. ട്രെയിനിംഗിന്റെ ഭാഗമായി നിരവധി വനിത ഐ.പി.എസുകാർ ജില്ലയിൽ എത്തിയെങ്കിലും പൊലീസ് മേധാവിയായില്ല. ഡിസംബറിലാണ് ജില്ലാ പഞ്ചാത്ത് പ്രസിഡന്റായി നിർമ്മല ജിമ്മി അധികാരമേറ്റത്. കളക്ടർക്ക് പുറമെ പാലാ ഒഴികെയുള്ള നഗരസഭകളുടെ തലപ്പത്തും വനിതകളാണ്.