പൊൻകുന്നം:പുനലൂർ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ രണ്ടാംഘട്ടം പൊൻകുന്നം-പുനലൂർ പാതയുടെ നിർമ്മാണം പുരോഗമിക്കുന്നു.22.173 കിലോമീറ്റർ ദൈർഘ്യമുള്ള പൊൻകുന്നം പ്ലാച്ചേരി റീച്ചിലെ 10.5 കിലോമീറ്റർ ദൂരം ഒന്നാം ഘട്ട ടാറിംഗ് നടത്തി.ഇതുവരെ 65 ശതമാനത്തിലധികം ജോലികൾ പൂർത്തിയായ പ്ലാച്ചേരി റീച്ചിന്റെ ടാറിംഗ് ജോലികൾ മെയ് അവസാനത്തോടെ പൂർത്തിയാക്കുമെന്ന് കരാറുകാരായ ശ്രീധന്യ കൺസ്ട്രക്ഷൻ അധികൃതർ പറഞ്ഞു.
7 മീറ്റർ വീതിയിൽ കാര്യേജ് വേയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ പേവ്ഡ് ഷോൾഡർ ഉൾപ്പെടെ 10 മീറ്റർ വീതിയിലാണ് ടാറിംഗ് നടത്തുന്നത്.6 സെന്റിമീറ്റർ കനത്തിൽ ഡി.ബി.എം ( ഡെൻസ് ബിറ്റുമെൻ മെക്കാർഡം) ആണ് ചെയ്യുന്നത്.റോഡ് നിരപ്പാക്കിയ ശേഷം ഗ്രാനുലാർ സബ് ബേസ് (ജി.എസ്.ബി) ചെയ്താണ് ടാറിംഗ് നടത്തുന്നത്. ഇതിന് മുകളിലാണ് ബി.സി ചെയ്യുന്നത്. പദ്ധതി സംബന്ധമായ എല്ലാ ജോലികളും കരാറുകാരൻ തന്നെ ചെയ്യുന്ന എൻജിനീയറിംഗ് പ്രൊക്യൂർമെന്റ് കൺസ്ട്രക്ഷൻ (ഇ.പി.സി) സംവിധാനമാണ് ഇവിടെ നടപ്പാക്കുന്നത്.പാലം, ബൈപാസുകൾ, കലുങ്ക് തുടങ്ങിയവ എല്ലാം കരാറുകാരൻ തന്നെ ഡിസൈൻ ചെയ്തു സ്വന്തം ചിലവിൽ നിർമ്മിക്കണം. പദ്ധതിക്ക് 56 ശതമാനം ബാങ്ക് വായ്പ ലഭ്യമാണ്.15 വർഷത്തേക്ക് റോഡിന്റെ പരിപാലനം കരാറുകാരൻ സ്വന്തം ചിലവിൽ നടത്തണം. ഓരോ വർഷവും ചിലവായ തുകയുടെ ഒരു ഭാഗം വീതം സർക്കാർ നൽകും. 15 വർഷം കൊണ്ട് തീർത്തു നൽകും. പുനലൂർ, പത്തനാപുരം, കോന്നി, കുമ്പഴ, മൈലപ്ര, റാന്നി, പ്ലാച്ചേരി, മണിമല, ചെറുവള്ളി വഴി പൊൻകുന്നം വരെ 82.173 കിലോമീറ്ററാണ് ദൂരം.ഇത്രയും ദൂരം മൂന്നു റീച്ചായാണ് നിർമ്മാണം നടക്കുന്നത്.

മൂന്ന് റീച്ചുകൾ

പ്ലാച്ചേരി-പൊൻകുന്നം: 22.173 കിലോമീറ്റർ

കോന്നി-പ്ലാച്ചേരി: 30.16 കിലോമീറ്റർ

പുനലൂർ-കോന്നി: 29.84 കിലോമീറ്റർ


ചിത്രവിവരണംനിർമ്മാണം പുരേഗമിക്കുന്ന പൊൻകുന്നം പുനലൂർ പാത.