
നീതിയുടെ കാവലാളായ ജസ്റ്റിസ് കെ.ടി. തോമസ്  ശതാഭിഷിക്തനാകുകയാണ്, കൊവിഡ് കാലത്തും സജീവമാണ്  അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. ആ  ജീവിതത്തിന്റെ പ്രകാശവഴികളിലൂടെ...
നീതിയുടെ ആയിരം സൂര്യചന്ദ്രൻമാരെ കണ്ട്  പത്മഭൂഷൺ ജസ്റ്റിസ് കെ.ടി. തോമസ് ജീവിതം ധന്യമെന്ന വിധി പ്രസ്താവത്തോടെ ചിരിക്കുന്നു.
''രണ്ടാംലോക മഹായുദ്ധം, ഇന്ത്യ സ്വതന്ത്ര്യമായതും റിപ്പബ്ലിക് ആയതുമടക്കം സംഭവബഹുലായ  കാലഘട്ടം  അനുഭവിച്ചറിയാൻ കഴിഞ്ഞതാണ് എന്റെ ജീവിതം. ഇനി ആഗ്രഹങ്ങളൊന്നുമില്ല. എന്റെ മൂന്നാം തലമുറയും അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞതിന് സാക്ഷിയായി. എന്റെ ജീവിതം ധന്യമാണ്...""
സജീവ രാഷ്ട്രീയക്കാരനായിരുന്ന തോമസ് അഭിഭാഷകന്റെ കറുത്ത ഗൗണിട്ട ശേഷം ഹൈക്കോടതിയും കടന്നു സുപ്രീം കോടതിയിലെത്തി. റിട്ടയർമെന്റിനു ശേഷം സുപ്രീംകോടതി നിയോഗിച്ച  മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി അംഗം. സംസ്ഥാന, ദേശീയ പൊലീസ്  റിഫോംസ് കമ്മീഷൻ, ലോ റിഫോംസ് കമ്മീഷൻ ചെയർമാൻ... ഇങ്ങനെ ചുമതലകളുടെ പട്ടിക നീളുന്നു. വേണ്ടെന്നുവച്ചതിൽ ഗവർണർ സ്ഥാനം, നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ സ്ഥാനം അങ്ങനെ പലതുമുണ്ട്. വലിയ വീട്ടിൽ കേറി ചുമ്മാതിരിക്കാൻ താത്പര്യമില്ലാത്തതിനാൽ ഗവർണർ സ്ഥാനം വേണ്ടെന്നു വച്ചു. കടലാസ് പുലി ആയതിനാൽ ഹ്യൂമൻ റൈറ്റ്സ് കമ്മിഷനും വേണ്ടന്നു വച്ചു. ഉന്നതസ്ഥാനമാനങ്ങൾ പിന്നെയും തേടി വന്നെങ്കിലും അതിനോടെല്ലാം മുഖം തിരിച്ചു കോട്ടയത്ത് വിശ്രമ ജീവിതം നയിച്ചു ശതാഭിഷിക്തനാകുമ്പോഴും സമൂഹത്തിന്റെ ആദരവും ബഹുമാനവും ആർജിച്ച് സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെല്ലാം സജീവ സാന്നിദ്ധ്യമാണദ്ദേഹം.
സെന്റ് ആൽബർട്ട്സ് കോളേജ് ഡിഗ്രി പഠന കാലത്ത് യൂണിയൻ ചെയർമാനായി തിരഞ്ഞടുക്കപ്പെട്ടു. യൂത്ത് കോൺഗ്രസ് രൂപീകരിക്കാൻ 1955ൽ ജവഹർലാൽ നെഹ്റു വിളിച്ചു ചേർത്ത ക്യാമ്പിൽ കേരളത്തിൽ നിന്ന് പങ്കെടുത്തത് തോമസ് മാത്രമായിരുന്നു. രാഷ്ടീയ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാനായിരുന്നു നിയമ പഠനം തിരഞ്ഞെടുത്തത്. അഡ്വ. ജോസഫ് മാളിയേക്കലിന്റെ  ജൂനിയറായി കോട്ടയത്ത് പ്രാക്ടീസ് ആരംഭിച്ചു. അഭിഭാഷകരിൽ നിന്ന് നേരിട്ട് ഹൈക്കോടതി  ജഡ്ജിമാരുടെ പാനൽ ജില്ലാ ജഡ്ജിമാരെ തിരഞ്ഞെടുത്തതിൽ കെ.ടി തോമസ്. ഒന്നാമനായി. തൃശൂരിൽ ജഡ്ജിയായി. വിവിധ ജില്ലകളിൽ പ്രവർത്തിച്ച ശേഷം കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയും സ്ഥിരം ജഡ്ജിയും ആക്ടിംഗ് ചീഫ് ജസ്റ്റിസുമായി. പിന്നീട് ആറുവർഷത്തോളം സുപ്രീം കോടതി ജഡ്ജിയുടെ കസേരയിൽ. രാജീവ് ഗാന്ധി വധക്കേസടക്കം പ്രമാദമായ നിരവധി കേസുകളിൽ ജസ്റ്റിസ് തോമസിന്റെ വിധി ഏറെ ചർച്ചാ വിഷയമായിരുന്നു. 

''രാജീവ് വധക്കേസിൽ പ്രത്യേക ടാഡാ കോടതി വധശിക്ഷയ്ക്കു വിധിച്ച 26 പേരുടെ അപ്പീൽ പരിഗണനയ്ക്കു വന്നപ്പോൾ നളിനിയുടെ വധശിക്ഷയിൽ ഞാൻ വിയോജന കുറിപ്പെഴുതി. രാജീവ് ഗാന്ധിയെ വധിക്കാനാണ്  പോകുന്നതെന്ന് നളിനി അവസാനമാണ് അറിഞ്ഞത്. അവർക്കപ്പോൾ എതിർക്കാൻ കഴിയുമായിരുന്നില്ല. റോബോട്ടിനെപ്പോലെയാണ് പ്രവർത്തിച്ചതെന്ന് വിധിന്യായത്തിൽ എഴുതി. എന്റെ  വിധിന്യായത്തിലെ പരാമർശങ്ങൾ കൂടി പരിഗണിച്ചാണ് രാഷ്ട്രപതി ദയാഹർജി അംഗീകരിച്ചത്. വധശിക്ഷ ശരിയല്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അത് ജുഡീഷ്യൽ മർഡറാണ്. സ്വയരക്ഷക്കുവേണ്ടിയാകാം മറ്റൊരാളെ കൊലപ്പെടുത്തുക. അതിന് ഒരു കാരണവുമുണ്ടാകാം. സമൂഹത്തിനും രാജ്യത്തിനും ഭീഷണിയാകുന്നവർക്ക് മാത്രം വധശിക്ഷ നൽകാം. അപ്പോഴും മാനദണ്ഡം കർശനമാക്കണം. വികാര പ്രകടനത്തിലൂടെ ഒരാളെ ഇല്ലാതാക്കുകയാണ് വധശിക്ഷ. ഒരു കുറ്റവാളിയെ നന്നാക്കി എടുക്കുക പരിഷ്കൃത സമൂഹത്തിന്റെ ധർമമാണ്. അതിന്  ജീവപര്യന്തം ശിക്ഷ തന്നെ ധാരാളം.""
പാനൂർ സ്റ്റേഷനിലെ എസ്.ഐ സോമൻ വെടിയേറ്റു മരിച്ച കേസ് ലോക്കൽ പൊലീസ് അന്വേഷിച്ച് ആത്മഹത്യ എന്നു കണ്ടെത്തിയിരുന്നു. സി.ബി.ഐയാണ് കൊലപാതകമെന്നു കണ്ടെത്തിയത്. ഏഴ് പൊലീസുകാരായിരുന്നു പ്രതികൾ. ഹൈക്കോടതി ബഞ്ചിൽ ഒരു ജഡ്ജി കൊലപാതകമെന്നും മറ്റൊരു ജഡ്ജി ആത്മഹത്യയെന്നും വിധി എഴുതിയതോടെ കേസ് ഞാനുൾപ്പെട്ട ഫുൾ ബെഞ്ചിനു വന്നു. തെളിവുകൾ പരിശോധിച്ചു സോമൻ സ്വയം വെടിവയ്ക്കുകയായിരുന്നുവെന്ന് കണ്ടെത്തി. സുപ്രീം കോടതിയും കേസ് തള്ളി. പ്രതികൾക്കെതിരെ നിരവധി തെളിവുകൾ ഉണ്ടായിട്ടും സത്യം പുറത്തെടുക്കാൻ കഴിഞ്ഞത് വലിയ കാര്യമായി കരുതുന്നു. അല്ലെങ്കിൽ  ആ പൊലീസുകാർ ഇപ്പോഴും തടവു ശിക്ഷ അനുഭവിക്കേണ്ടി വന്നേനെ.
മുല്ലപ്പെരിയാർ ഡാം  സംബന്ധിച്ച്  സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയിൽ പ്രതിനിധിയായിരുന്നു. പഠനം നടത്തി സത്യസന്ധമായ റിപ്പോർട്ട് നൽകാനായിരുന്നു സുപ്രീം കോടതി ആവശ്യപ്പെട്ടത്. കേരളത്തിന് അനുകൂലമോ  പ്രതികൂലമോ ആയ റിപ്പോർട്ട് നൽകാതെ സ്ഥലം സന്ദർശിച്ചു വിദഗ്ദരുമായി സംസാരിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഡാം  തമിഴ്നാട് നന്നായി ബലപ്പെടുത്തിയെന്ന് കണ്ട് ബോദ്ധ്യപ്പെട്ടതിനാലാണ് ഏറെ പഴക്കമുണ്ടെങ്കിലും ഡാം സുരക്ഷിതമെന്ന വിലയിരുത്തലിലെത്തിയത്. ഡാം പൊട്ടും പതിനായിരങ്ങൾ കുത്തി ഒലിച്ചു പോകുമെന്നൊക്കെ വിമർശനമുണ്ടായെങ്കിലും ഇന്നും മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്നത് ഇരുപത് വർഷം മുമ്പത്തെ എന്റെ കണ്ടെത്തൽ ശരിവയ്ക്കുന്നു.

പുതിയ ഡാം നിർമിക്കുന്നതിനെ പറ്റിയും റിപ്പോർട്ടിൽ അനുബന്ധമായി ചേർത്തിരുന്നു. അതൊന്നും നോക്കാതെയായിരുന്നു ചിലരുടെ വിമർശനം. എന്റെ വീടിനു മുന്നിൽ മൈക്കു കെട്ടി അധിക്ഷേപം നടത്തി. എനിക്ക് മനഃസാക്ഷി കുത്തില്ല. കേരളത്തിലെ ജനവികാരം മനസിലാക്കി റിപ്പോർട്ട് വളച്ചൊടിച്ചിരുന്നെങ്കിലേ മനഃസാക്ഷി കുത്ത് ഉണ്ടാവുമായിരുന്നുള്ളൂ. ആദ്യകാല രാഷ്ട്രീയക്കാരുടെ സത്യസന്ധത അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് അഴിമതി ഇല്ലാത്ത രാഷ്ട്രീയക്കാർ കുറവാണ്. ജയിൽ ശിക്ഷ അനുഭവിക്കുന്നവരാണ് പലരും. അഭിഭാഷകരും ആത്മാർത്ഥത കാണിക്കണം. കക്ഷികളെ ചേർത്തു പിടിക്കണം. ജഡ്ജിമാർ വിധികൾ വൈകിക്കരുത്.
1947 ആഗസ്റ്റ് 15ന് രാവിലെ കോട്ടയം തിരുനക്കര മൈതാനത്ത് കുട്ടിയായിരിക്കെ ദേശീയ പതാക ആദ്യം ഉയർത്തിയ രസകരമായ അനുഭവവും തോമസിനുണ്ട്. മൈതാനത്തിനു സമീപമായിരുന്നു വീട്. കൊടിമരത്തിനു മുകളിൽ ദേശീയ പതാക ചുരുണ്ടു കിടക്കുന്നത് കണ്ട് വീട്ടിൽ നിന്നിറങ്ങി വന്ന് ചരടിൽ പിടിച്ചു വലിച്ചപ്പോൾ ഉള്ളിലെ പൂക്കൾ താഴോട്ടു വീണ പതാക നിവർന്നു. യഥാർത്ഥ  പതാക ഉയർത്തലിനു മുമ്പേ ഒരു കുട്ടി പതാക ഉയർത്തിയതു കണ്ട്  ഒരു പൊലീസുകാരൻ അലറി പാഞ്ഞെത്തിയപ്പോൾ  ഓടിയതോർത്ത്  കുട്ടിയെപ്പോലെ ജസ്റ്റിസ് ഇന്ന് ചിരിക്കുന്നു.
ജസ്റ്റിസ് കെ.ടി. തോമസിന്റെ മകൻ ബെച്ചു കുര്യൻ തോമസ് കേരള ഹൈക്കോടതി ജഡ്ജിയാണിപ്പോൾ. ബെച്ചുവിന്റെ മകൾ സൂസൻ കുര്യനും അഭിഭാഷകയാണ്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ ഡോ. ബിനു പ്രതാപ് തോമസ്, ധാത്രി മാർക്കറ്റിംഗ് സീനിയർ പ്രസിഡന്റ് ബിപിൻ ചെറിയാൻ തോമസ് എന്നിവരാണ് മറ്റു മക്കൾ. തരുണി തോമസാണ് ഭാര്യ.
'സോളമന്റെ തേനീച്ചകൾ" എന്ന പുസ്തകത്തിനു പുറമേ നിയമജ്ഞൻ എന്ന നിലയിൽ ഇരുപതു വർഷത്തെ ആത്മകഥയായ "രണ്ടു പതിറ്റാണ്ടിന്റെ പോർവിളികൾ" എന്ന പുസ്തകം ഉടൻ പുറത്തിറങ്ങും. ആർബിട്രേഷനും വിവിധ കമ്മീഷൻ പ്രവർത്തനവുമായി കൊവിഡ് കാലത്തും സൂം ആപ് വഴി സജീവമാണ് ജസ്റ്റിസ് കെ.ടി. തോമസ്.